Wednesday, December 24, 2025

ഭാരതത്തിന് ഒരിക്കലും മറ്റുള്ളവരെ പിന്നിൽ നിന്ന് കുത്താൻ കഴിയില്ല; വസുധൈവ കുടുംബകം എന്ന സന്ദേശമാണ് രാജ്യം ഈ ലോകത്തിനായി നൽകിയതെന്ന് രാജ്‌നാഥ് സിംഗ്

ദില്ലി: ഭാരതത്തിന് ഒരിക്കലും മറ്റുള്ളവരെ പിന്നിൽ നിന്ന് കുത്താൻ കഴിയില്ല എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വസുധൈവ കുടുംബകം എന്ന സന്ദേശമാണ് രാജ്യം ഈ ലോകത്തിനായി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ യശസ് വീണ്ടും ഉയർന്നുവെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും. ഇന്ത്യയോടുള്ള കാഴ്‌ച്ചപ്പാട് പല രാജ്യങ്ങൾക്കും മാറിയെന്നും, ലോകം ഇന്ന് ഇന്ത്യയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”കളവ്, വഞ്ചന എന്നതൊന്നും നമ്മുടെ സ്വഭാവത്തിലില്ല, ചിലപ്പോൾ നമ്മൾ വഞ്ചിക്കപ്പെട്ടേക്കാം. എന്നാൽ നമുക്ക് ഒരിക്കലും മറ്റുള്ളവരെ വഞ്ചിക്കാൻ സാധിക്കില്ല. ഇതാണ് യഥാർത്ഥത്തിൽ ലോകത്തിന് നൽകേണ്ട സന്ദേശം. വസുധൈവ കുടുംബകം എന്ന സന്ദേശമാണ് ഇന്ത്യ ഈ ലോകത്തിന് നൽകിയത്. ജാതിമതഭേദമന്യേ ലോകത്തിലെ എല്ലാവരേയും നമ്മൾ ഒരു കുടുംബമായി കണക്കാക്കുകയാണ്.
അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം ഇന്ന് വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയോടുള്ള മറ്റ് രാജ്യങ്ങളുടെ കാഴ്‌ച്ചപ്പാടിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയ്‌ക്ക് പുറത്ത് താമസിക്കുന്നവർക്ക് ഈ കാര്യത്തിൽ ചിലപ്പോൾ ആശങ്കയുണ്ടായിരിക്കാം. എന്നാൽ ഇന്ത്യയുടെ യശസ് ഉയർന്നുവെന്ന് ആത്മവിശ്വാസത്തോടെ തന്നെ പറയാൻ സാധിക്കും. ആഗോളവേദികളിൽ ഇന്ത്യ എന്ത് സംസാരിക്കുന്നു എന്നത് ലോകം ശ്രദ്ധയോടെ കേൾക്കുകയാണ്.

2027ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്ന് ഇന്ത്യയായിരിക്കും. മടിയന്മാരായ ആളുകളുള്ള ഒരു ദരിദ്ര രാജ്യമാണ് ഇന്ത്യയെന്നായിരുന്നു മുൻപ് പലരുടേയും ധാരണ. എന്നാലിന്ന് ആ ധാരണ പൂർണമായും മാറിയിരിക്കുകയാണ്. പണ്ട് അയൽരാജ്യങ്ങൾ പോലും ഇന്ത്യയെ ഏത് സമയവും ആക്രമിക്കാം എന്ന് കരുതിയിരുന്നു. എന്നാൽ ഇന്ത്യ ഒരിക്കലും ദുർബല ശക്തിയല്ലെന്ന് അവർ മനസിലാക്കി കഴിഞ്ഞു. എൻഡിഎ സർക്കാർ അധികാരത്തിൽ വരുന്ന സമയത്ത് പല പ്രതിരോധ ഉത്പന്നങ്ങളും ഇവിടേക്ക് ഇറക്കുമതി ചെയ്യുകയാണ് ചെയ്തിരുന്നത്. 600 കോടി രൂപയുടെ കയറ്റിമതി മാത്രമാണ് നടന്നിരുന്നത്. എന്നാൽ ഇന്ന് 10 വർഷങ്ങൾക്കിപ്പുറം പ്രതിരോധ കയറ്റുമതി 23,000 കോടി രൂപയിലെത്തിയിരിക്കുകയാണെന്നും” അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles