ദില്ലി: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ മിസൈലാക്രമണത്തിലൂടെ പാകിസ്ഥാന് കനത്തപ്രഹരമേൽപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന്ന്നും കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
“നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് വധിച്ചത്. ഒരു സാധാരണക്കാരൻ പോലും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. സേനയെ പൂർണമായി വിശ്വാസത്തിലെടുത്തു. പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്.
കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം അവരുടെ വീര്യവും ധൈര്യവും പ്രകടിപ്പിച്ചു. പുതിയ ചരിത്രം രചിച്ചു. കൃത്യതയോടെയും ജാഗ്രതയോടെയും അവർ നടപടി സ്വീകരിച്ചു. കൃത്യസമയത്ത് കൃത്യമായിത്തന്നെ ലക്ഷ്യം തകർത്തു. സൈനികരേയും ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നു. മുമ്പത്തെപ്പോലെത്തന്നെ ഇത്തവണയും ഉചിതമായ മറുപടി നൽകി. സ്വന്തം മണ്ണിൽ നടന്ന ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശം ഉപയോഗിച്ചു. കൃത്യമായ ചർച്ചകളോടെയാണ് നടപടി. തീവ്രവാദികളുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം അവരുടെ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തി.”- രാജ്‌നാഥ് സിങ് പറഞ്ഞു.
അതിനിടെ, ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് പാക് സർക്കാർ നിർദേശം നൽകി. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു.

