കൊച്ചി: ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിലെ ഊഷ്‌മളത മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഏറെ സഹായിച്ചതായി വിദേശകാര്യ സഹമന്ത്രി കെ വി സിംഗ്. കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തിരിച്ചറിയൽ ഏറെ ദുഷ്ക്കരമായിരുന്നു. ഡി എൻ എ ടെസ്റ്റ് നടത്തി തിരിച്ചറിഞ്ഞ് മൃതദേഹം വിട്ടുകിട്ടണമെങ്കിൽ കുറഞ്ഞത് ഏഴുമുതൽ പത്തു ദിവസം വരെയെടുക്കും. എന്നാൽ പ്രധാനമന്ത്രിയുടെ ഇടപെടൽ കാരണം മണിക്കൂറുകൾക്കുള്ളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായി. അപ്രതീക്ഷിത വിയോഗം ബന്ധുക്കളെ മാനസികമായി തളർത്തി. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ഇടപെടലുകളാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ കുവൈറ്റ് അമീർ എന്നിവർ നേരിട്ട് ഇടപെട്ടതായും. നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച അധികൃതർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
കാര്യങ്ങൾ കൃത്യമായി ഏകോപിപ്പിക്കാൻ ഇന്നലെയാണ് കേന്ദ്രമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈറ്റിലെത്തിയത്. 45 മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ അദ്ദേഹം കൊച്ചിയിൽ എത്തിയതായിരുന്നു. 31 മൃതദേഹങ്ങളാണ് കൊച്ചിയിൽ ഏറ്റുവാങ്ങിയത്. 14 മൃതദേഹങ്ങൾ ദില്ലിയിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ചേർന്നാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തിയത്.

