Thursday, December 18, 2025

പാക് മുഖം മൂടി വലിച്ചു കീറാൻ ഇന്ത്യ; പ്രതിനിധിസംഘത്തെ വിദേശത്തേക്ക് അയച്ചേക്കും; ശശി തരൂർ നയിക്കുമെന്ന് വിവരം

ദില്ലി: പാകിസ്ഥാൻ പിന്തുണയോടെ ഉണ്ടാവുന്ന ഭീകരപ്രവർത്തനങ്ങളോടുള്ള രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കാൻ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയയ്ക്കാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതായി വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പ്രതിനിധി സംഘത്തെ ശശി തരൂർ എംപി നയിക്കുമെന്നാണ് വിവരം. പ്രതിപക്ഷ പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷമാകും പ്രതിനിധി സംഘത്തിന്റെ ഘടനയും സമയക്രമവും തീരുമാനിക്കുമെന്നാണ്‌ റിപ്പോർട്ട്. 10 ദിവസത്തെ കാലയളവിൽ എട്ട് സംഘങ്ങൾ അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും. ഓരോ പ്രതിനിധി സംഘത്തിലും 5-6 എംപിമാർ, വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ, സർക്കാർ പ്രതിനിധി എന്നിവരുണ്ടാകും. എംപിമാരോട് അവരുടെ പാസ്‌പോർട്ടും മറ്റ് യാത്രാരേഖകളും തയ്യാറാക്കി വെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിനിധി സംഘങ്ങൾ മെയ് 22-ന് വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് പുറപ്പെടാനും ജൂൺ ആദ്യവാരം തിരിച്ചെത്താനുമാണ് സാധ്യതയെന്നാണ് പ്രാഥമിക വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

പാക്‌ മണ്ണിൽനിന്ന് തുടർച്ചയായി ഉണ്ടാകുന്ന ഭീകരതയുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ആവശ്യകതയും പ്രത്യാഘാതങ്ങളും സംബന്ധിച്ച രാജ്യത്തിന്റെ കാഴ്ചപ്പാട് പ്രതിനിധി സംഘം വിദേശ സർക്കാരുകൾ, മാദ്ധ്യമങ്ങൾ എന്നിവരോട് വിശദീകരിക്കും. പാക് പ്രകോപനങ്ങൾ, ഓപ്പറേഷൻ സിന്ദൂറിന്റെ ആവശ്യകത, കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടായാൽ ഭാവിയിൽ സമാനമായ നടപടികൾ ഉണ്ടാകാനുള്ള സാധ്യത, ഭീകരത വളർത്തുന്നതിലും അതിന്റെ ആഗോള പ്രത്യാഘാതങ്ങളിലും പാക് പങ്ക് എന്നിവയ്ക്കൊപ്പം ഓപ്പറേഷൻ സിന്ദൂർ ഭീകരരുടെ ഒളിത്താവളങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും വ്യക്തമാക്കുകയായിരിക്കും സംഘത്തിന്റെ ലക്ഷ്യം.

Related Articles

Latest Articles