വാഷിങ്ടണ്‍ : ഇന്ത്യ – പാക് സംഘർഷത്തിൽ വെടിനിര്‍ത്തലില്‍ താനാണ് പ്രധാന പങ്കുവഹിച്ചതെന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. ഇന്ത്യയുമായും പാകിസ്ഥാനുമായും നിരവധി വ്യാപാരങ്ങള്‍ നടത്തുമെന്നും അതിനാല്‍ തന്നെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് താന്‍ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടെന്നാണ് ട്രമ്പിന്റെ അവകാശവാദം.
”ശനിയാഴ്ച എന്റെ ഭരണകൂടം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടനടിയുള്ള ഒരു വെടിനിര്‍ത്തലിന് സഹായിച്ചു. അത് സ്ഥിരമായുള്ള വെടിനിര്‍ത്തലാകുമെന്ന് ഞാന്‍ കരുതുന്നു. ഇതിലൂടെ ആണവായുധങ്ങളുള്ള രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള അപകടകരമായ സംഘര്‍ഷം അവസാനിപ്പിക്കാനായി. ദശലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്ന വളരെ മോശമായ ആണവയുദ്ധമാകുമായിരുന്നു. അതിനാല്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു”, –
ഇന്ത്യയ്ക്കും പാകിസ്ഥാനും ശക്തമായതും ദൃഢമായതുമായ നേതൃത്വമാണുള്ളത്. പക്ഷേ, രണ്ടുപേരും അചഞ്ചലരായിരുന്നു. എന്നാല്‍, സാഹചര്യത്തിന്റെ ഗൗരവം പൂര്‍ണമായി മനസിലാക്കാനുള്ള കരുത്തും വിവേകവും ധൈര്യവും അവര്‍ക്കുണ്ടായിരുന്നു. ഇന്ത്യയുമായും പാകിസ്ഥാനുമായും തങ്ങള്‍ നിരവധി വ്യാപാരങ്ങള്‍ നടത്തുമെന്നും ഇപ്പോള്‍ ഇന്ത്യയുമായുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും ഉടന്‍തന്നെ പാകിസ്താനുമായും വ്യാപാരചര്‍ച്ചകള്‍ ആരംഭിക്കും”- ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
അതേസമയം ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചതായും നിവൃത്തിയില്ലാതെ വെടിനിർത്തലിന് ഇങ്ങോട്ട് വിളിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.

