ഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കേന്ദ്രസർക്കാർ നിർദ്ദേശിച്ച മോക്ഡ്രിൽ നാളെ നടക്കും.1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിരുന്നു.
രാജ്യത്ത് നാളെ 259 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടത്തുന്നത്. മൂന്ന് സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ട് കാറ്റഗറികളിലായാണ് മോക്ഡ്രില്‍. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും ലക്ഷദ്വീപിലെ കവരത്തിയിലും മോക്ഡ്രില്‍ നടക്കും
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രില്‍ നടത്തണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങള്‍ ഒരുക്കല്‍, സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍, ഒഴിപ്പിക്കല്‍ പദ്ധതിയും അതിന്റെ പരിശീലനവും നടത്തുക എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ട് കാറ്റഗറി ഒന്നില്‍ ദില്ലി , മഹാരാഷ്ട്രയിലെ മുംബൈ, ഉരന്‍, താരാപൂര്‍, ഗുജറാത്തിലെ സൂറത്ത്, വഡോദര, കക്രാപര്‍, ഒഡീഷയിലെ താല്‍ച്ചര്‍, രാജസ്ഥാനിലെ കോട്ട, രാവത്-ഭാട്ട, ഉത്തർപ്രദേശിലെ ബുലന്ദ്ഷഹര്‍ എന്നീ നഗരങ്ങൾ ഉള്‍പ്പെടുന്നു. കാറ്റഗറി രണ്ടിലാണ് കേരളവും ലക്ഷദ്വീപിലെ കവരത്തിയും ഉള്‍പ്പെടുന്നത്. ജമ്മു കശ്മീരിലെ 19 സ്ഥലങ്ങള്‍ ഉള്‍പ്പെടെ, മൊത്തം 210 സ്ഥലങ്ങളാണ് കാറ്റഗറി രണ്ടിലുള്ളത്. കാറ്റഗറി മൂന്നില്‍ കശ്മീരിലെ പുല്‍വാമ, ബിഹാറിലെ ബഗുസരായ്, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ്, പഞ്ചാബിലെ ഫരീദ്പൂര്‍, സാംഗ്രൂര്‍ തുടങ്ങി 45 ഇടങ്ങളിലും മോക്ഡ്രില്‍ നടക്കും.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണം. അടിയന്തര സാഹചര്യങ്ങളില്‍ ബ്ലാക്ക് ഔട്ട് സംവിധാനങ്ങള്‍ ഒരുക്കുന്നതും സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതും പരിശീലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒഴിപ്പിക്കല്‍ പദ്ധതി പരിഷ്കരിക്കുകയും പരിശീലിപ്പിക്കുകയും വേണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയംസംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അണക്കെട്ടുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു.

