Thursday, December 18, 2025

ഇന്ത്യ തിളങ്ങി ചൈന പൊളിഞ്ഞു; പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യക്ക് മെച്ചപ്പെട്ട സാമ്പത്തിക വളർച്ച; ഏപ്രിൽ-ജൂൺ ത്രൈമാസ ജിഡിപി വളർച്ച 13.5%; ചൈന നേടിയത് 0.4% വളർച്ച മാത്രം

ദില്ലി: പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യയുടെ ത്രൈമാസ ജിഡിപി വളർച്ചാ നിരക്ക് രണ്ടക്കം കടന്നു. കോവിഡും റഷ്യ-ഉക്രൈന്‍ യുദ്ധവും മൂലമുണ്ടായ പ്രതിസന്ധിയും മറികടന്നാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേട്ടം കൈവരിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തിലെ സാമ്പത്തിക വളര്‍ച്ച (ജിഡിപി) 13.5 ശതമാനമാണെന്നാണ് ഇന്നലെ ധനമന്ത്രാലയം പുറത്തുവിട്ട പുതിയ വിവരങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലേതാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 51.27 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഇത്തവണ അത് 64.95 ലക്ഷം കോടിയായി ഉയർന്നു.

കഴിഞ്ഞ നാല് പാദത്തിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. രണ്ടക്കം കടന്ന ഈ വളർച്ചാ നിരക്കിന്റെ അടിസ്ഥാനം കാർഷിക സേവന മേഖലകളുടെ മെച്ചപ്പെട്ട പ്രകടനമാണ് എന്നത് ശ്രദ്ധേയമാണ്. ഈ ത്രൈമാസത്തിലും ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ തുടരുന്നു. പ്രധാന എതിരാളി ചൈനയേക്കാൾ ഇന്ത്യ ബഹുദൂരം മുന്നിലാണ്. ഈ ത്രൈമാസത്തിലെ ചൈനയുടെ ജിഡിപി വളർച്ചാ നിരക്ക് 0.4 ശതമാനം മാത്രമാണെന്നത് ശ്രദ്ധേയമാണ്. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.4 ശതമാനം വളരുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ പ്രവചനം.
കൊടുംചൂട് കാര്‍ഷിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതവും നാണയപ്പെരുപ്പവും വിലക്കയറ്റവും ഉണ്ടായിട്ടും മൊത്തം ആഭ്യന്തര ഉത്പാദനം വലിയ തോതില്‍ കൂടുക തന്നെ ചെയ്‌തെന്നാണ് ഇതു വ്യക്തമാക്കുന്നത്.
നിര്‍മാണ മേഖല കഴിഞ്ഞ മൂന്നു മാസം 16.8 ശതമാനം വളര്‍ന്നു. എന്നാല്‍ ഉത്പാദന മേഖലയില്‍ 4.8 ശതമാനം വളര്‍ച്ചയേ ഉണ്ടായുള്ളൂ. വ്യാവസായിക രംഗം 8.6 ശതമാനവും സേവന മേഖല 17.6 ശതമാനവും കൃഷി നാലര ശതമാനവുമാണ് വളര്‍ന്നത്.

 

Related Articles

Latest Articles