ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദ കണക്കുകൾ പുറത്തുവരുമ്പോൾ രാജ്യത്തിന് മികച്ച സാമ്പത്തിക വളർച്ച. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാംപാദത്തിൽ 8.2 ശതമാനമാണ് ജിഡിപി വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ സമയത്ത് 5.6 ശതമായിരുന്നു വളർച്ച. ഈ സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ ജിഡിപി 7.8 ശതമാനം വളർന്നിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയമാണ് ഇന്നുവൈകുന്നേരം കണക്കുകൾ പുറത്തുവിട്ടത്.
ഉൽപ്പാദന മേഖല, നിർമ്മാണ മേഖല, റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, കാർഷിക മേഖല തുടങ്ങി എല്ലാ മേഖലകളിലും ഉണർവ് പ്രകടമാണ്. റിസർവ് ബാങ്ക് മുതൽ അന്താരാഷ്ട്ര ഏജൻസികൾ വരെ നടത്തിയ പ്രവചനങ്ങൾക്കും അപ്പുറമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നേട്ടം. ഇതോടെ അർദ്ധവാർഷിക ജിഡിപി വളർച്ച 8% ആയി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേസമയം അത് 6.5% ആയിരുന്നു.
അമേരിക്ക പ്രഖ്യാപിച്ച 50 % തീരുവ ഇന്ത്യൻ സമ്പദ്‌വ്യസ്ഥയ്ക്ക് ഒരു കോട്ടവും വരുത്തിയില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. തീരുവ യുദ്ധത്തെ മറികടക്കാൻ കേന്ദ്രസർക്കാർ വമ്പൻ ജി എസ് ടി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഈ തന്ത്രം വിജയിച്ചു. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് നികുതി കുറയ്ക്കാത്തതിനാൽ 25 ശതമാനവും റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നതിനാൽ മറ്റൊരു 25 ശതമാനവും ഉൾപ്പെടെ 50 ശതമാനം തീരുവയാണ് അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയത്.
മികച്ച സാമ്പത്തിക വളർച്ച പ്രചോദനം നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസിത ഭാരതം എന്ന കാഴ്ചപ്പാടും മേക് ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് തുടങ്ങിയ സർക്കാർ നയങ്ങളും സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജമേകിയതായി വിദഗ്ദ്ധർ വിലയിരുത്തുന്നു. അടുത്ത 22 വർഷം ഇന്ത്യ ശരാശരി 7.8 ശതമാനം വീതം സാമ്പത്തിക വളർച്ച നേടിയാൽ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് ലോകബാങ്ക് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

