Wednesday, December 24, 2025

ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്നാവർത്തിച്ച് ഭാരതം; ഓപ്പറേഷൻ അജയ്- യുടെ ഭാഗമായുള്ള 230 ഓളം ഭാരതീയരുടെ ആദ്യ ബാച്ച് നാളെ തിരികെയെത്തും

ദില്ലി : ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്നാവർത്തിച്ച് ഭാരതം. . പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനു നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് ഭാരതം എപ്പോഴും വാദിക്കുന്നതെന്നും സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ, ഇസ്രയേലുമായി സമാധാനത്തോടെ ജീവിക്കുന്ന പാലസ്തീൻ എന്ന നിലപാട് എക്കാലവും തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘നമ്മുടെ നയം ദീർഘകാലത്തേക്കും സ്ഥിരതയുള്ളതുമാണ്. പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനു നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് ഭാരതം എപ്പോഴും വാദിക്കുന്നത്. സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ, ഇസ്രയേലുമായി സമാധാനത്തോടെ ജീവിക്കുന്ന പലസ്തീൻ എന്ന നിലപാട് എക്കാലവും തുടരും. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരാക്രമണമായാണ് ഭാരതം കാണുന്നത്. മാനുഷിക നിയമം പാലിക്കാൻ എല്ലവാർക്കും ബാധ്യതയുണ്ട്. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും പ്രതികരിക്കാനുള്ള ആഗോള ഉത്തരവാദിത്തവുമുണ്ട്.’’– അരിന്ദം ബാഗ്ചി പറഞ്ഞു.

ഓപ്പറേഷൻ അജയ് പ്രകാരം ചാർട്ടേഡ് വിമാനത്തിൽ 230 ഇന്ത്യക്കാരെ വെള്ളിയാഴ്ച ഇസ്രായേലിൽ നിന്ന് തിരികെ കൊണ്ടുവരുമെന്നും വിദേശകാര്യ മന്ത്രാലയംഅറിയിച്ചു. ചാർട്ടേഡ് വിമാനം ഇന്നു വൈകുന്നേരം ടെൽ അവീവിൽ എത്തും. 230 ഓളം ഇന്ത്യക്കാരുടെ ആദ്യ ബാച്ചിനെ നാളെ തിരികെ കൊണ്ടുവരുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ഭാരതം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി .

Related Articles

Latest Articles