മുംബൈ : വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഉടൻ തന്നെ പ്രഖ്യാപിക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ കരീബിയൻ മണ്ണിൽ കളിക്കുക. ജൂലൈ 12 ന് ഡൊമിനിക്കയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് പര്യടനത്തിന് തുടക്കമാവുക. മലയാളി താരം സഞ്ജു സാംസണെ ഏകദിന, ട്വന്റി20 ടീമുകളിൽ പരിഗണിക്കും എന്നാണ് വിവരം. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ യശസ്വി ജയ്സ്വാളിന് ടെസ്റ്റ് ടീമിലേക്കു വിളിയെത്തുമെന്നാണ് കരുതുന്നത്.
ഈ മാസം ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ സ്റ്റാൻഡ് ബൈ താരമായി ഇന്ത്യൻ ക്യാംപിൽ യശസ്വി ജയ്സ്വാളുമുണ്ടായിരുന്നു. ചേതേശ്വർ പൂജാരയ്ക്കു പകരം മൂന്നാം നമ്പർ ബാറ്ററായിട്ടായിരിക്കും താരം പ്ലേയിങ് ഇലവനിൽ കളിക്കുക. രോഹിത് ശർമ തന്നെയാകും വിൻഡീസിനെതിരായ ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കും. ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, അജിൻക്യ രഹാനെ എന്നിവർ ടെസ്റ്റ് ടീമിൽ തുടരും. എന്നാൽ വെറ്ററൻ പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചേക്കും.
അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക് എന്നീ പേസർമാരും ടെസ്റ്റ് ടീമിന്റെ ഭാഗമാകും. വിക്കറ്റ് കീപ്പറായി കെ.എസ്. ഭരത് തന്നെ തുടരാനാണു സാധ്യത. ഐപിഎല്ലില്‍ പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും സഞ്ജുവിന് വീണ്ടും ഏകദിന, ട്വന്റി20 ടീമുകളിലേക്കു അവസരം നൽകും എന്നാണ് കരുതുന്നത്.

