പാകിസ്ഥാൻ ആക്രമിക്കാൻ തീരുമാനിച്ചാൽ അതിശക്തമായി തിരിച്ചടിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി ഭാരതം. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ഭാരതം നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ മറുപടി നൽകുമെന്ന് പാക് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നടപടികൾ മറ്റുരാജ്യങ്ങളെ അറിയിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമേരിക്ക, യുകെ, സൗദി അറേബ്യ, യുഎഇ, ജപ്പാൻ, റഷ്യ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളോട് അജിത് ഡോവൽ വിവരങ്ങൾ ധരിപ്പിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ വിദേശകാര്യ മന്ത്രിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവുമായും അദ്ദേഹം സംസാരിച്ചു.

