കടുത്ത സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പദവിയിൽ നിന്നും രാജി വയ്ക്കുന്നതും പിന്നീട് രാജ്യം വിട്ട് പോകുന്നതും. ഹസീനയുടെ അഞ്ചാം ടേമിൻ്റെ ആദ്യ വർഷത്തിലാണ് സർക്കാർ ജോലി സംവരണത്തിനെതിരായ വിദ്യാർത്ഥി പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നതും അവരുടെ രാജിയിൽ കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചതും.
2014 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ സമാനതകളില്ലാതെ കുതിക്കുകയാണ് ഭാരതം. നോട്ട് അസാധുവാക്കൽ മുതൽ കർഷക സമരം വരെയുള്ള സംഭവ വികാസങ്ങളിൽ ജനങ്ങളിൽ വലിയൊരു വിഭാഗവും ഒരു ഘട്ടം വരെയെങ്കിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു . എന്നിരുന്നാലും,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഈ വെല്ലുവിളികളെയെല്ലാം ഓരോന്നായി അതിജീവിച്ചു. ചില തീരുമാനങ്ങളോട് എതിർപ്പുയർന്നെങ്കിലും ഈ വിയോജിപ്പിനെ ജനകീയ മുന്നേറ്റമാക്കി മാറ്റാൻ മോദി സർക്കാരിന് കഴിഞ്ഞു. മോദി സർക്കാർ നേരിടേണ്ടി വന്ന പ്രതിഷേധങ്ങൾ താഴെ നൽകുന്നു
ദില്ലി കോച്ചിംഗ് സെൻ്റർ മരണത്തിലെ പ്രതിഷേധം
കഴിഞ്ഞ മാസം ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ സമരം ആരംഭിക്കുമ്പോൾ , ദില്ലിയിലും സമാനമായ പ്രതിഷേധം ഉയർന്നിരുന്നു. ഒരു യുപിഎസ്‌സി കോച്ചിംഗ് സെൻ്ററിൽ വെള്ളക്കെട്ട് മൂലം മൂന്ന് വിദ്യാർത്ഥികൾ മരിച്ചതാണ് വിദ്യാർത്ഥി പ്രതിഷേധത്തിനിടയാക്കിയത്. ദില്ലി സർക്കാരിനും മുനിസിപ്പാലിറ്റിക്കും കോച്ചിംഗ് സെൻ്ററുകൾക്കുമെതിരെയായിരുന്നു പ്രതിഷേധം.
കേന്ദ്രസർക്കാർ കോച്ചിംഗ് സെൻ്ററുകളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ ഉടൻ തന്നെ ഒരു പാനൽ രൂപീകരിച്ചു. നരേല, രോഹിണി തുടങ്ങിയ പ്രദേശങ്ങളിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ മാറ്റി പകരം ഒരു എഡ്യൂക്കേഷണൽ ഹബ് സൃഷ്ടിക്കാനുള്ള നിർദ്ദേശവും കേന്ദ്രസർക്കാർ മുന്നോട്ടു വച്ചു.
ഇതോടെ വിദ്യാർത്ഥികളുടെ രോഷം കെട്ടടങ്ങി.
അഗ്നിവീർ പ്രതിഷേധം
2022-ൽ, ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ് എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് നവീകരിക്കാൻ ലക്ഷ്യമിട്ടാണ് അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. ഈ രീതി അതുവരെയുണ്ടായിരുന്ന റിക്രൂട്ട്‌മെൻ്റ് രീതികളെ ഉടച്ചു വാർക്കുന്നതും കൂടുതൽ കാര്യക്ഷമവുമായിരുന്നു. എങ്കിലും പ്രതിഷേധങ്ങൾ ഉയർന്നു എന്നാൽ പ്രധാനമന്ത്രി മോദിയുടെ നിർണായക ഇടപെടൽ പ്രതിഷേധങ്ങളെ ശമിപ്പിച്ചു.
നോട്ട് നിരോധനം
2016-ലെ നോട്ട് നിരോധനം 1.3 ബില്യണിലധികം ആളുകളെ പ്രത്യക്ഷത്തിൽ ബാധിച്ച മോദി സർക്കാരിൻ്റെ ആദ്യത്തെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. പെട്ടെന്നുള്ള നീക്കം രാജ്യത്തെ സാമ്പത്തിക വിദഗ്ദന്മാരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. എന്നിരുന്നാലും, പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ ആത്യന്തികമായി രാജ്യത്തിന് ഗുണകരമാണെന്ന് പൊതുധാരണ ഉണ്ടായി. ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും ജനങ്ങൾ മോദിക്കൊപ്പം നിന്നു .
സാമ്പത്തിക ദുർബല വിഭാഗത്തിന് 10% സംവരണം
2019-ൽ കേന്ദ്രസർക്കാർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10% സംവരണം ഏർപ്പെടുത്തി. ഇതിന് ഭരണഘടനാ ഭേദഗതി ആവശ്യമായിരുന്നു. ഇന്ത്യയിൽ സംവരണം തൊട്ടാൽ പൊള്ളുന്ന വിഷയമാണെങ്കിലും ഈ നീക്കത്തിന് വലിയ പിന്തുണ ലഭിച്ചു.പിന്നാലെ തീരുമാനം വിജയകരമായി നടപ്പിലാക്കുകയും ചെയ്തു.
ആർട്ടിക്കിൾ 370 റദ്ദാക്കൽ
2019 ഓഗസ്റ്റ് 5-ന്, ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി അനുവദിക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി. പ്രാദേശിക കശ്മീരികളുടെ പിന്തുണ തേടി ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിനെ മോദി സർക്കാർ അയച്ചു. ജമ്മു കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ എൻഡിഎ സർക്കാർ വിജയിച്ചു എന്നതിന്റെ
തെളിവാണ് പിന്നീട് മോദി സർക്കാരിൽ കശ്മീരിലെ ജനങ്ങൾ കാണിച്ച ആത്മവിശ്വാസവും അവർ നൽകിയ പിന്തുണയും
ബാബറി മസ്ജിദ് സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി
2019 നവംബർ 9 ന് രാമജന്മഭൂമി തർക്കത്തിൽ സുപ്രീം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. പിന്നാലെ രാജ്യത്ത് പരക്കെ അക്രമം ഉണ്ടാകുമെന്ന് ആശങ്ക ഉണ്ടായിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കി. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ വിധി രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ടു. മോദി സർക്കാർ വിഷയം കൈകാര്യം ചെയ്തത് പ്രതിപക്ഷത്തെ പോലും അമ്പരപ്പിച്ചു.
പൗരത്വ ഭേദഗതി നിയമം (സിഎഎ)
2019-ൽ പാർലമെൻ്റ് പൗരത്വ ഭേദഗതി നിയമം (സിഎഎ) പാസാക്കി. നിയമത്തിനെതിരായ പ്രതിഷേധം ദില്ലിയിൽ അക്രമാസക്തമാവുകയും സംഘർഷത്തിലേക്ക് പോകുകയും ചെയ്തു. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും, ക്രമസമാധാനപാലനത്തിനായി കൊവിഡ് സമയത്ത് ആവശ്യമായി വന്നപ്പോൾ കർശന നടപടി സ്വീകരിച്ചു ഒടുവിൽ രംഗം ശാന്തമായി.
കർഷകരുടെ പ്രതിഷേധം
കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ദില്ലിയിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധിക്കുകയായിരുന്നു. 2021 ജനുവരി 26 ന്, ട്രാക്ടർ റാലിയുടെ മറവിൽ ചിലർ ചെങ്കോട്ടയിൽ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചു. എന്നിരുന്നാലും,പ്രതിഷേധത്തെ ഫലപ്രദമായി തടയാൻ സർക്കാരിന് കഴിഞ്ഞു.

