ദില്ലി : സിന്ധൂനദീജല കരാർ ഭാരതം ഒരു കാരണവശാലും ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാറിന്റെ ആമുഖത്തിൽ ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് പറയുന്നുണ്ടെന്നും ഒരിക്കല്‍ അത് ലംഘിക്കപ്പെട്ടാല്‍ കരാറിന് നിലനില്‍പ്പുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു. പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
“കരാര്‍ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ല. അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ല. എന്നാല്‍ അത് മരവിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്, അത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഒരിക്കല്‍ അത് ലംഘിക്കപ്പെട്ടാല്‍ അതിന് നിലനില്‍പ്പില്ല. ഭാരതത്തിന് അവകാശപ്പെട്ട ജലം നമ്മള്‍ ഉപയോഗിക്കും. പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. അന്യായമായി ലഭിച്ചിരുന്ന വെള്ളം തുടര്‍ന്ന് ലഭിക്കാതെ പാകിസ്ഥാന്‍ വലയും, അമിത് ഷാ പറഞ്ഞു.
കശ്മീരിലെ സമാധാനം തകര്‍ക്കാനും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച തടയാനും കശ്മീരി യുവാക്കളെ വഴിതെറ്റിക്കാനുമുള്ള മനഃപൂര്‍വമായ ശ്രമമാണ് പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ നടന്നത്. പാകിസ്ഥാൻ എന്ത് ചെയ്യാന്‍ തയ്യാറായാലും ഒട്ടും വൈകാതെ അതിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ ഭാരതം മടിക്കില്ല.”-അമിത് ഷാ പറഞ്ഞു.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രില്‍ 23-നാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചത്. 1960-ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്.

