Saturday, June 1, 2024
spot_img

അണ്‍ലോക് മൂന്നാംഘട്ടം; സ്‌കൂളുകള്‍ അടഞ്ഞുതന്നെ; തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് സൂചന

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ട ഇളവുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അണ്‍ലോക് പ്രക്രിയയുടെ രണ്ടാം ഘട്ടം ജൂലൈ 31 അവസാനിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം ഘട്ടത്തില്‍ നല്‍കേണ്ട ഇളവുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നത്. മൂന്നാം ഘട്ടത്തില്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

മൂന്നാം ഘട്ടത്തില്‍ സിനിമാ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്‍ലോക്ക് രണ്ടാം ഘട്ടത്തില്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മൂന്നാം ഘട്ടത്തില്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്. സിനിമാ തിയറ്റുകള്‍ക്ക് പുറമേ ജിമ്‌നേഷ്യങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഉടമകളുമായി ചര്‍ച്ച നടത്തും. തീയറ്ററുകള്‍ തുറക്കുകയാണെങ്കില്‍ 25 ശതമാനം ആളുകള്‍ക്ക് മാത്രമാകും ഒരേ സമയം പ്രവേശനം നല്‍കുക.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ മൂന്നാം ഘട്ടത്തിലും തുടരും. സ്‌കൂളുകള്‍ക്കും, മെട്രോ തീവണ്ടി സര്‍വ്വീസുകള്‍ക്കും നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് അധികൃതരുടെ തീരുമാനം. അതേസമയം സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ സംസ്ഥാനങ്ങളുമായി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles