ദില്ലി: രാജ്യത്തെ കാർഷികാവശ്യങ്ങൾക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിന് കീഴിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിളവെടുപ്പാനന്തര കാർഷികാവശ്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പുതിയ പദ്ധതി. കാർഷികോല്പന്നങ്ങളുടെ സംസ്കരണം, വിപണനം തുടങ്ങിയവ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. കാർഷികരംഗത്തെ സംരംഭകർ, സ്റ്റാർട്ട് അപ്പുകൾ, അഗ്രി-ടെക് മേഖലയിലുള്ളവർ, കർഷക കൂട്ടായ്മകൾ എന്നിവയെല്ലാം ഈ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടും.
കഴിഞ്ഞ ഒന്നരവർഷത്തിനിടെ പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ എഴുപത്തി അയ്യായിരം കോടി രൂപ കേന്ദ്ര സർക്കാർ നിക്ഷേപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി ഇന്ന് മാത്രം 17,100 കോടി രൂപ രാജ്യമെമ്പാടുമുള്ള 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നിക്ഷേപിച്ചിട്ടുണ്ട്. പദ്ധതിയുടെ ആറാം ഇൻസ്റ്റാൾമെന്റിൽ പെട്ട തുകയാണിത്. 2018 ഡിസംബറിലാണ് പിഎം-കിസാൻ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം ഓരോ കർഷകനും പ്രതിവർഷം 6000 രൂപയാണ് കേന്ദ്രസർക്കാർ ലഭ്യമാക്കുന്നത്. കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം 9.9 കോടി കർഷകർക്കായി 75000 കോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ട്.

