Saturday, May 4, 2024
spot_img

ബംഗാളിനെ ഇളക്കിമറിച്ച് അമിത് ഷായുടെ റോഡ്‌ഷോകൾ; കൊവിഡ് വാക്സിന്‍ വന്നാലുടൻ പൗരത്വ നിയമം നടപ്പാക്കും

കൊല്‍ക്കത്ത: കോവിഡ് വാക്സിൻ രാജ്യത്ത് വന്നാൽ ഉടൻ തന്നെ പൗരത്വ നിയമവും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭോല്‍പൂരില്‍ നടന്ന പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ല. കോവിഡ് മൂലം നടപടികള്‍ നീണ്ടുപോയി. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നു. അവസരം നല്‍കിയാല്‍ അഞ്ചുവര്‍ഷം കൊണ്ടു സുവര്‍ണബംഗാള്‍ കെട്ടിപ്പടുക്കുമെന്നും ഷാ പറഞ്ഞു.

വലിയ ജനപങ്കാളിത്തമാണ് രണ്ട് ദിവസങ്ങളായി അമിത് ഷാ പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പ്രകടമാകുന്നത്. നിരവധി റോഡ്‌ഷോകള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു ജനക്കൂട്ടത്തെ ആദ്യമായി കാണുകയാണെന്നാണ് ബംഗാളിലെ ഭോല്‍പൂരില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞത്. ‘എന്റെ ജീവിതത്തിൽ ഇതുപോലൊരു റോഡ് ഷോ കണ്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ബംഗാളിനുള്ള സ്നേഹവും വിശ്വാസവുമാണിതു തെളിയിക്കുന്നത്. മമത ദീദിയോടു പൊതുജനങ്ങൾക്കുള്ള ദേഷ്യമാണു റോഡ് ഷോയിൽ കാണുന്നത്. ബംഗാളിലെ ജനത്തിനു മാറ്റം ആവശ്യമുണ്ട്. കേവലമൊരു മുഖ്യമന്ത്രി മാറുകയല്ല വേണ്ടത്. വികസനത്തിലും പുരോഗതിയിലും സംസ്ഥാനത്തിന് ആകെയുമുള്ള മാറ്റമാണു വേണ്ടത്. മോദിക്ക് ഒരു അവസരം തരൂ, സമൂലമായ മാറ്റം സൃഷ്ടിക്കാം’– ഷാ പറഞ്ഞു.

രവീന്ദ്രനാഥ് ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സർവകലാശാല സന്ദര്‍ശിച്ചുകൊണ്ടാണ് അമിത് ഷാ പര്യടനത്തിന്റെ രണ്ടാംദിവസം ആരംഭിച്ചത്. വിശ്വഭാരതി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ബിദ്യുത് ചക്രബര്‍ത്തിയുമായും മറ്റും ഷാ കൂടിക്കാഴ്ച നടത്തി. സര്‍വകലാശാലയിലെ സംഗീത ഭവനില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. മറ്റു ബിജെപി നേതാക്കള്‍ക്കൊപ്പം ഒരു ബംഗാളി നാടോടി ഗായകന്റെ വീട്ടിലാണ് അമിത് ഷാ ഇന്ന് ഉച്ചഭക്ഷണം കഴിച്ചത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ബംഗാളിലെത്തിയത്. മുതിർന്ന തൃണമൂൽ നേതാവ് സുവേന്ദു അധികാരിക്കൊപ്പം വിവിധ കക്ഷികളിലെ 9 എംഎൽഎമാരും ഒരു എംപിയും അമിത് ഷായുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നിരുന്നു. പശ്ചിമ മിഡ്നാപുരിൽ ബിജെപി സംഘടിപ്പിച്ച കൂറ്റൻ റാലിയിൽ 5 തൃണമൂൽ എംഎൽഎമാർക്കും ഒരു എംപിക്കുമൊപ്പം 3 സിപിഎം എംഎൽഎമാരും ഒരു കോൺഗ്രസ് എംഎൽഎയുമാണു ബിജെപിയിൽ ചേർന്നത്.

തിരഞ്ഞെടുപ്പിന് കഷ്ടിച്ച് മൂന്നുമാസം ബാക്കിനില്‍ക്കെ ബംഗാളില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ സന്ദര്‍ശനം. ഇനിമുതൽ എല്ലാ മാസവും അമിത് ഷാ ബംഗാളിലെത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഒരു പക്ഷേ മാസത്തില്‍ ഏഴു ദിവസം വരെ അമിത് ഷാ ബംഗാളില്‍ തങ്ങിയേക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്.

Related Articles

Latest Articles