Saturday, May 18, 2024
spot_img

വൈറസിൽ നിന്ന് വാക്സിനിലേക്ക്: രാജ്യത്ത് ഡ്രൈ റണ്ണിനു സജ്ജമായി 4 സംസ്ഥാനങ്ങൾ

ദില്ലി: രാജ്യത്ത് വാക്സിന്‍ ഡ്രൈ റണ്ണിനു സജ്ജമായി നാലു സംസ്ഥാനങ്ങള്‍. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. യഥാർത്ഥ വാക്‌സിന് കുത്തിവെയ്പ്പിക്കുന്നത് ഒഴികെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ എല്ലാ വ്യവസ്ഥകളും ഡ്രൈറണ്ണിൽ പരിശോധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും യുഎൻഡിപിയുടെയും സഹകരണത്തോടെ ഇന്നും നാളെയുമായാണ് ഡ്രൈ റൺ നടത്തുന്നത്.

അതേസമയം രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് വാക്‌സിൻ കുത്തിവെയ്ക്കുക എന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാകുന്നത്. ഒരു കുത്തിവെയ്പ്പ് കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെടെ അഞ്ച് ജീവനക്കാർ ഉണ്ടാകും. ഡോക്ടർക്ക് പുറമെ നഴ്‌സ്, ഫാർമസിസ്റ്റ്, പോലീസ്, ഗാർഡ് എന്നിവരായിരിക്കും ഉണ്ടായിരിക്കുക. രാജ്യത്ത് വാക്സിൻ ഉപയോഗത്തിനുള്ള അനുമതി ഉടൻ നൽകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഡ്രൈ റൺ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പഞ്ചാബ്, അസം, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഏട്ടു ജില്ലകളിലായാണ് ഡ്രൈ റൺ നടക്കുന്നത്. വാക്സിന്റെ സംഭരണം, വിതരണം, വാക്സിൻ കുത്തിവെപ്പിന് സെന്ററുകളുടെ നടത്തിപ്പ് അടക്കമുള്ളവ ഡ്രൈ റണിൽ പരിശോധിക്കും. വിതരണശൃംഖലയിലെ ഏതെങ്കിലും ന്യൂനതകളുണ്ടോ എന്നു പരിശോധിക്കുക കൂടിയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്സിന് കേന്ദ്രസർക്കാർ നൽകുക.

അതേസമയം വാക്സിൻ വിതരണത്തിനായി ദില്ലിയിൽ മാത്രം 3800 ആരോഗ്യപ്രവർത്തകർക്കാണാണ് സർക്കാർ പരിശീലനം നൽകിയിരിക്കുന്നത്. ഇതിൽ 600 പേർ സ്വകാര്യ മേഖലയിൽ നിന്നാണ്. ആദ്യഘട്ടത്തിൽ 51 ലക്ഷം പേർക്ക് ദില്ലിയിൽ മാത്രം വാക്സിൻ നൽകാനാണ് ദില്ലി സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

നീതി ആയോഗ് അംഗം വി കെ പോൾ അദ്ധ്യക്ഷനായ ദേശീയ വിദഗ്ധ സംഘത്തിനാണ് വാക്‌സിൻ വിതരണത്തിന്റെ ഏകോപന പ്രവർത്തനങ്ങളുടെ ചുമതല. ഓരോ കൊറോണ വാക്‌സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറ് മുതൽ 200 പേർക്ക് വരെയായിരിക്കും വാക്‌സിനേഷൻ നൽകുകയെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇത്രയും പേരെയും വാക്‌സിൻ കേന്ദ്രങ്ങളിലെത്തിച്ച് ഡ്രൈ റണ്ണിന്‍റെ ഭാഗമാക്കും. കുത്തിവെയ്പ്പിനായി പ്രത്യേക മുറിയായിരിക്കും സജ്ജമാക്കുക. ഒരു സമയം ഒരാൾക്ക് മാത്രമേ വാകസിനേഷൻ നൽകൂ. കുത്തിവെയ്‌പ്പെടുത്തവരെ അര മണിക്കൂർ നേരം നിരീക്ഷിക്കും. ഇതിനായി പ്രത്യേക മുറി സജ്ജീകരിക്കും. കുത്തിവെയ്പ്പ് സ്വീകരിച്ച് അരമണിക്കൂറിനകം പാർശ്വഫലങ്ങളോ രോഗലക്ഷണങ്ങളോ കാണിക്കുകയാണെങ്കിൽ അവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള സംവിധാനവും ഡ്രൈ റണ്ണിൽ സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Latest Articles