Wednesday, May 15, 2024
spot_img

രാജ്യത്തിന്റെ മുക്കിലും മൂലയിലും വാക്‌സിൻ എത്തിക്കും; വ്യോമസേനയും തീവണ്ടികളും സുസജ്ജം

ദില്ലി: ഇന്ത്യൻ വാക്സിനുകൾക്ക് ഡിസിജിഐയുടെ അടിയന്തര ഉപയോഗാനുമതി ലഭിച്ചതോടെ രാജ്യത്ത് എല്ലായിടത്തും വാക്സിൻ എത്തിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളുള്ള ഇന്ത്യയിൽ എല്ലായിടത്തും വാക്‌സിൻ വേഗത്തിൽ എത്തിക്കുക കനത്ത വെല്ലുവിളിയാണ്. വാക്സിൻ വേഗത്തിൽ വിതരണം ചെയ്യാൻ വ്യോമസേനയുടെയും റെയിൽവെയുടെയും സഹകരണം പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി.

കേന്ദ്രം ആവശ്യപ്പെടുന്നതിനനുസരിച്ച് ഉപയോഗിക്കാൻ നൂറിലേറെ വിമാനങ്ങളും ഹെലികോപ്ടറുകളും ഇന്ത്യൻ വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്. വാക്‌സിൻ സൂക്ഷിക്കാൻ രാജ്യത്ത് 28,947 ശീതീകരണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മരുന്ന് കമ്പനികളിൽ നിന്ന് വാക്സിൻ ഈ കോൾഡ് സ്റ്റോറേജ് കേന്ദ്രങ്ങളിൽ എത്തിക്കുന്നത് സി-17 ഗ്ലോബ് മാസ്റ്റർ, സി-130 ജെ സൂപ്പർ ഹെർക്കുലിസ്, ഐ.എൽ 76 ഇനങ്ങളിലുള്ള വലിയ ചരക്കുവിമാനങ്ങളിൽ ആയിരിക്കും. ഇവിടങ്ങളിൽ നിന്ന് വാക്സിൻ ചെറിയ കേന്ദ്രങ്ങളിൽ എത്തിക്കാൻ എ.എൻ.32, ഡോർണിയർ ലഘുവിമാനങ്ങളും എ.എൽ.എച്ച്, ചീറ്റ, ചിനൂക്ക് ഹെലികോപ്ടറുകളും ഉപയോഗിക്കും.

അതേസമയം രാജ്യത്തെ ട്രെയിനുകളിലെ ശീതീകരണ സംവിധാനം ഫലപ്രദമായി ആധുനികവത്കരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. വേഗത നിയന്ത്രിച്ച് വാക്സിൻ കാരിയറുകളിലെ സമ്മർദ്ദം ലഘൂകരിക്കാനുള്ള പ്രത്യേക പരിശീലനവും ലോക്കോ പൈലറ്റുമാർക്ക് കേന്ദ്രം നൽകും. റെയിൽവേ സ്റ്റേഷനുകളിൽ വാക്സിൻ എത്തിയാൽ അവ ഉടനടി വിതരണം ചെയ്യാൻ റോഡ് മാർഗ്ഗം ഉപയോഗിക്കും. ഇ കൊമേഴ്സ് ഡെലിവറി സംവിധാനങ്ങൾ വാക്സിൻ വിതരണത്തിന് ഉപയോഗിക്കാനുള്ള പദ്ധതിയും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.
2018ൽ റൂബെല്ല, മീസൽസ് വാക്‌സിനുകൾ രാജ്യത്തെ വിദൂര സ്ഥലങ്ങളിൽ എത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.

Related Articles

Latest Articles