ഡൈറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 100-150 പേരെ കാണാതായിട്ടുള്ളതായി കരുതുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് അറിയിച്ചു.
ശ്രീനഗര്‍, ഋഷികേശ് അണക്കെട്ടുകള്‍ തുറന്നുവിട്ടിട്ടുണ്ട്. പ്രദേശത്ത് മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മഞ്ഞുമലയിടിഞ്ഞ് വീണതു മൂലമുണ്ടായ അപ്രതീക്ഷിത ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നദീതീരത്തെ ഗ്രാമങ്ങളിലെ ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

