Tuesday, May 14, 2024
spot_img

പൗരത്വപട്ടിക വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ; അസമിലെ പൗരത്വപട്ടികയില്‍ നിന്ന് ഒരു ലക്ഷത്തിലേറെ പേര്‍ കൂടി പുറത്ത്

ഗുവാഹത്തി: അസമിലെ പൗരത്വപട്ടികയില്‍ (എന്‍ആര്‍സി) നിന്ന് ഒരു ലക്ഷത്തിലേറെ പേര്‍ കൂടി പുറത്ത്. നേരത്തേ 40 ലക്ഷത്തിലേറെ പേരെ ഒഴിവാക്കി പ്രസിദ്ധീകരിച്ച പൗരത്വപട്ടികയില്‍ നിന്നാണ് ഇത്രയും പേരെ അധികമായി പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഇതു സംബന്ധിച്ച ആദ്യ പട്ടിക പ്രസിദ്ധീകരിച്ചത്.

1971 ലെ ബംഗ്ലാദേശ് പിറവിക്കു മുന്‍പ് ഇന്ത്യയില്‍ ജനിക്കുകയോ താമസമാക്കുകയോ ചെയ്തുവെന്നതിന്റെ രേഖ സമര്‍പ്പിച്ചവരെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടവരെ വിദേശികളായാണ് മുദ്രകുത്തിയിട്ടുള്ളത്.

പട്ടികയില്‍ നിന്നും പുറത്തായവരെ അവരുടെ മേല്‍വിലാസത്തില്‍ കത്തയച്ചാണ് ഇക്കാര്യം അറിയിക്കുന്നത്. ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരം എന്‍ആര്‍സിയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്. ഒഴിവാക്കപ്പെട്ട ആളുകള്‍ക്ക് ജൂലൈ 11 നകം നിയുക്ത എന്‍ആര്‍സിയുടെ കേന്ദ്രങ്ങളില്‍ ഹര്‍ജി നല്‍കാനുള്ള അവസരമുണ്ട്.

കഴിഞ്ഞവര്‍ഷം ജൂലൈ 30നാണ് 40 ലക്ഷത്തിലേറെ പേരെ പുറത്താക്കി ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ബംഗ്ലാദേശ് പിറവിക്കു മുന്‍പേ ഇന്ത്യയില്‍ ജനിച്ച സൈനികരുള്‍പ്പെടെയുള്ളവരെയും വിദേശികളായി മുദ്രകുത്തിയുള്ള ഈ പട്ടിക ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Related Articles

Latest Articles