ദില്ലി : കാര്യക്ഷമതയുടെ പര്യായമായി ഒരു കാലത്ത് കണക്കാക്കപ്പെട്ടിരുന്ന ഇൻഡിഗോ എയർലൈൻസ്, തുടർച്ചയായ സർവീസ് റദ്ദാക്കുകൾ കാരണം വാർത്താ തലക്കെട്ടുകളിൽ നിറയുകയാണ്. വിമാനങ്ങളുടെ ദീർഘമായ കാലതാമസം, യാത്രക്കാരുടെ തിരക്കുമൂലമുള്ള നിരകൾ , വർധിച്ചുവരുന്ന പരാതികൾ എന്നിവ കാരണം രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി ഇപ്പോൾ പ്രതിരോധത്തിലായിരിക്കുന്നു.
പ്രകോപിതരായ യാത്രക്കാരുടെയും മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങിയവരുടെയും വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 60 ശതമാനത്തിലധികം വിപണി വിഹിതവുമായി രാജ്യത്തെ വ്യോമയാന മേഖലയിൽ ഇൻഡിഗോ ആധിപത്യം തുടരുമ്പോഴും, നിലവിലെ ഈ പ്രതിസന്ധി ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ആവർത്തിച്ചു കണ്ട ഒരു പാറ്റേണിനെ പലരെയും ഓർമ്മിപ്പിക്കുന്നു.
വിമാനക്കമ്പനികൾ പ്രതാപകാലത്ത് തലക്കെട്ടുകളിൽ ഇടം നേടുമെങ്കിലും, സാമ്പത്തിക തകർച്ച, പങ്കാളിത്തത്തിലെ പിഴവുകൾ, അല്ലെങ്കിൽ ബിസിനസ് മോഡലുകൾക്ക് കാലത്തിനനുസരിച്ച് മാറാൻ കഴിയാതെ വരികയോ ചെയ്യുമ്പോൾ അവ വിസ്മൃതിയിലാവുകയാണ് പതിവ്.
കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ഒമ്പത് ഇന്ത്യൻ വിമാനക്കമ്പനികളാണ് പൂർണ്ണമായും ഇല്ലാതായത്. ഓരോ കഥയും ഇന്ത്യൻ വ്യോമയാന മേഖലയിലെ മാറുന്ന വെല്ലുവിളികളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ തകർന്ന കമ്പനികൾ ഇന്ത്യൻ വിപണിയിലെ ഇൻഡിഗോയുടെ ആധിപത്യം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.
പ്രവർത്തനം നിലച്ച പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ:
- എയർ സഹാറ (Air Sahara)
ഇൻഡിഗോ കുറഞ്ഞ ചെലവിലുള്ള വിമാനയാത്രയുടെ രീതിശാസ്ത്രം മാറ്റി എഴുതുന്നതിന് മുൻപ്, മുഴുസേവന വിമാനക്കമ്പനികളുടെ പട്ടികയിലെ പ്രമുഖരിൽ ഒരാളായിരുന്നു എയർ സഹാറ. 1991-ൽ സ്ഥാപിതമായ ഈ കമ്പനി ബോയിംഗ് 737, എയർബസ് A320 വിമാനങ്ങളുമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പിന്നീട് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലും പ്രവർത്തനം വിപുലീകരിച്ചു. 2007 ഏപ്രിലിൽ, ജെറ്റ് എയർവേയ്‌സ് 1450 കോടി രൂപയ്ക്ക് എയർ സഹാറയെ ഏറ്റെടുക്കുകയും ജെറ്റ്‌ലൈറ്റ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. 2019 ഏപ്രിലിൽ ജെറ്റ്‌ലൈറ്റും ജെറ്റ് എയർവേയ്‌സും ഒരുമിച്ച് നിലച്ചതോടെ എയർ സഹാറയുടെ പാരമ്പര്യത്തിന് ഔപചാരികമായി അന്ത്യമായി.
- എയർ ഡെക്കാൻ (Air Deccan)
2003-ൽ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് അവതരിപ്പിച്ച എയർ ഡെക്കാൻ ഇന്ത്യൻ യാത്രയുടെ മുഖച്ഛായ മാറ്റിമറിച്ചു. ട്രെയിൻ ടിക്കറ്റ് നിരക്കിൽ ആർക്കും വിമാനത്തിൽ യാത്ര ചെയ്യാം എന്ന വിപ്ലവകരമായ ആശയം യാഥാർത്ഥ്യമാക്കി. ATR 42, 72 വിമാനങ്ങൾ ഉപയോഗിച്ച് ചെറിയ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എയർ ഡെക്കാൻ സാധാരണ യാത്രക്കാരുടെ വിമാനക്കമ്പനിയായി മാറി. എന്നാൽ, അതിവേഗത്തിലുള്ള വിപുലീകരണത്തിനനുസരിച്ച് സാമ്പത്തിക ഭദ്രത നിലനിർത്താൻ അവർക്ക് കഴിഞ്ഞില്ല. 2008-ൽ കിംഗ്ഫിഷർ എയർലൈൻസ് ഇതിനെ ഏറ്റെടുക്കുകയും ‘സിംപ്ലിഫൈ ഡെക്കാൻ’ എന്നും പിന്നീട് ‘കിംഗ്ഫിഷർ റെഡ്’ എന്നും പേരുമാറ്റുകയും ചെയ്തു. കിംഗ്ഫിഷർ തകർന്നപ്പോൾ എയർ ഡെക്കാന്റെ അസ്തിത്വവും ഇല്ലാതായി.
- പാരമൗണ്ട് എയർവേയ്‌സ് (Paramount Airways)
ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ അത്രയധികം ചർച്ച ചെയ്യപ്പെടാത്ത ഒരു അധ്യായമാണ് പാരമൗണ്ട് എയർവേയ്‌സ്. 2005-ൽ ആരംഭിച്ച ഈ കമ്പനി മത്സരാധിഷ്ഠിത വിലയിൽ പ്രീമിയം സീറ്റുകൾ വാഗ്ദാനം ചെയ്തു. എംബ്രയർ E170/190 വിമാനങ്ങളുമായി, ഓൾ-ബിസിനസ്-ക്ലാസ് ശൈലിയിൽ ദക്ഷിണേന്ത്യയിലെ ബിസിനസ് യാത്രക്കാരെയാണ് അവർ ലക്ഷ്യമിട്ടത്. എന്നാൽ നിയമപരമായ തർക്കങ്ങൾ, കുടിശ്ശിക, സാമ്പത്തിക കെടുകാര്യസ്ഥത എന്നിവ 2010-ൽ ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിച്ചു. ഈ വിമാനക്കമ്പനി പിന്നീട് ആകാശത്തേക്ക് മടങ്ങി വന്നില്ല.
- കിംഗ്ഫിഷർ എയർലൈൻസ് (Kingfisher Airlines)
ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ തകർച്ചയായിരുന്നു കിംഗ്ഫിഷർ എയർലൈൻസിന്റേത്. 2005-ൽ വിജയ് മല്യ ആരംഭിച്ച ഈ കമ്പനി, ആഡംബര ലോഞ്ചുകൾ, വിഭവസമൃദ്ധമായ ഭക്ഷണം, മികച്ച സേവനം എന്നിവയാൽ വ്യോമയാനത്തിലെ പ്രൗഢിക്ക് പുതിയ നിർവചനം നൽകി. എയർ ഡെക്കാനെ ഏറ്റെടുത്ത് അന്താരാഷ്ട്ര സർവീസുകളിലേക്ക് അവർ പ്രവർത്തനം വികസിപ്പിച്ചു. എന്നാൽ ആഡംബരങ്ങൾക്കപ്പുറം, സാമ്പത്തികമായി കമ്പനി തകരുകയായിരുന്നു. ഉയർന്ന ഇന്ധനവില, അമിത ചെലവ്, കാര്യക്ഷമമല്ലാത്ത ഫ്ലീറ്റ് പ്ലാനിംഗ് എന്നിവ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. ശമ്പളം നൽകാനാവാതെ വിമാനങ്ങൾ നിലത്തിറക്കുകയും ബാങ്കുകൾ 7000 കോടിയിലധികം രൂപയുടെ കുടിശ്ശികയ്ക്കായി കമ്പനിയെ പിന്തുടരുകയും ചെയ്തു. 2012 ഒക്ടോബറിൽ കിംഗ്ഫിഷറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതോടെ ആ ആഡംബര യുഗത്തിന് തിരശ്ശീല വീണു.
- ജെറ്റ് എയർവേയ്‌സ് (Jet Airways)
വർഷങ്ങളോളം വിശ്വാസ്യതയുടെ പ്രതീകമായിരുന്നു ജെറ്റ് എയർവേയ്‌സ്. 1993-ൽ സ്ഥാപിതമായ ഈ കമ്പനി ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായി വളരുകയും 2007-ൽ എയർ സഹാറയെ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ കുറഞ്ഞ ചെലവിലുള്ള എതിരാളികളുടെ സമ്മർദ്ദം വർധിച്ചതും, നിയന്ത്രണാതീതമായ കടബാധ്യതയും കാരണം ജെറ്റിന് തുടർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. 2019 ഏപ്രിലിൽ എല്ലാ സർവീസുകളും നിർത്തിവച്ചു. പല പുനരുജ്ജീവന ശ്രമങ്ങളും നടന്നെങ്കിലും ഫലം കണ്ടില്ല. 2024 നവംബറിൽ സുപ്രീം കോടതി കമ്പനിയുടെ ലിക്വിഡേഷന് ഉത്തരവിട്ടതോടെ, ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ആദരണീയമായ വിമാനക്കമ്പനിയുടെ അധ്യായം ഔദ്യോഗികമായി അവസാനിച്ചു.
- ട്രൂജെറ്റ് (TruJet)
ട്രൂജെറ്റ് പ്രാദേശിക ബന്ധിപ്പിക്കലിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2015-ൽ ATR വിമാനങ്ങളുമായി പ്രവർത്തനമാരംഭിച്ച ഈ ബ്രാൻഡ് ടയർ-2, ടയർ-3 നഗരങ്ങളിലെ യാത്രാ ആവശ്യങ്ങൾ നിറവേറ്റി. എന്നാൽ കോവിഡ് മഹാമാരി മൂലമുണ്ടായ നഷ്ടങ്ങളും തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയും കാരണം 2022 ഫെബ്രുവരിയിൽ പ്രവർത്തനം നിർത്താൻ നിർബന്ധിതരായി. എയർബസ് A320-കളുമായി ട്രൂജെറ്റിനെ പുനരുജ്ജീവിപ്പിക്കാൻ നിക്ഷേപകർ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ഇത് നിലംതൊട്ടിരിക്കുകയാണ്.
- ഗോ ഫസ്റ്റ് (Go First)
2005 മുതൽ വ്യോമയാന മേഖലയിലെ കയറ്റിറക്കങ്ങളെ അതിജീവിച്ച കമ്പനിയായിരുന്നു ഗോ ഫസ്റ്റ് (പഴയ ഗോഎയർ). പ്രമുഖ എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് & വിറ്റ്നിയിൽ നിന്നുള്ള എഞ്ചിനുകളുടെ വിതരണത്തിലെ ഗുരുതരമായ പ്രശ്നങ്ങൾ കാരണം വിമാനങ്ങളുടെ പകുതിയിലധികം നിലത്തിറക്കേണ്ടി വന്നതോടെ 2023-ൽ കമ്പനി അപ്രതീക്ഷിതമായി തകർന്നു. 6521 കോടി രൂപ കടബാധ്യതയിലേക്ക് നീങ്ങിയ കമ്പനിയുടെ പുനരുജ്ജീവനത്തിന് സാധ്യത കാണാത്തതിനാൽ, 2025-ൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) ലിക്വിഡേഷന് ഉത്തരവിട്ടു.
- വിസ്താര (Vistara)
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, നഷ്ടം കാരണം പ്രവർത്തനം നിർത്തേണ്ടി വന്ന കമ്പനിയല്ല വിസ്താര. 2015-ൽ ടാറ്റാ സൺസും സിംഗപ്പൂർ എയർലൈൻസും ചേർന്നുള്ള പങ്കാളിത്തത്തിൽ ആരംഭിച്ച ഈ മുഴുസേവന വിമാനക്കമ്പനി സ്ഥിരമായ യാത്രക്കാരുടെ വിശ്വാസം നേടുകയും വളരുകയും ചെയ്തു. ടാറ്റാ ഗ്രൂപ്പിന്റെ വ്യോമയാന ഏകീകരണത്തിന്റെ ഭാഗമായി 2024 നവംബറിൽ ഇത് എയർ ഇന്ത്യയിൽ ലയിച്ചതോടെ ബ്രാൻഡ് ഇല്ലാതായി. വിസ്താരയുടെ ഐഡന്റിറ്റിയും ഫ്ലീറ്റും ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാമും എയർ ഇന്ത്യയുടെ കുടക്കീഴിലേക്ക് മാറി.
- എഐഎക്സ് കണക്റ്റ് (AIX Connect)
എഐഎക്സ് കണക്റ്റ് (പഴയ എയർ ഏഷ്യ ഇന്ത്യ) കൂടുതൽ നിശബ്ദമായാണ് ഇല്ലാതായത്. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്ത ശേഷം, എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്റ്റ് എന്നിവയെ ഒറ്റ ബ്രാൻഡായ എയർ ഇന്ത്യ എക്സ്പ്രസിന് കീഴിൽ ലയിപ്പിച്ചു. 2024 മുതൽ എഐഎക്സ് കണക്റ്റ് എന്ന പേര് നിലവിലില്ല; അതിന്റെ പ്രവർത്തനങ്ങളും വിമാനങ്ങളും ഇപ്പോൾ വികസിപ്പിച്ച എയർ ഇന്ത്യ എക്സ്പ്രസ് ശൃംഖലയുടെ ഭാഗമാണ്.
ഇന്ത്യയുടെ വ്യോമയാന സ്വപ്നങ്ങൾ എപ്പോഴും വലുതായിരുന്നു. എന്നാൽ അതിജീവനം എന്നത് കേവലം അഭിലാഷത്തേക്കാൾ ഏറെ ആവശ്യപ്പെടുന്നു എന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നു. ഉയർന്ന പ്രവർത്തനച്ചെലവ്, ഇന്ധനവിലയിലെ ചാഞ്ചാട്ടം, കുറഞ്ഞ ലാഭമാർജിനുകൾ, നിയന്ത്രണ ഏജൻസികളുടെ സമ്മർദ്ദം, കടുത്ത മത്സരം എന്നിവ വ്യോമയാന മേഖലയെ ലാഭകരമായി നിലനിർത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള വ്യവസായങ്ങളിലൊന്നാക്കി മാറ്റുന്നു.

