Monday, December 15, 2025

ശ്രീലങ്കന്‍ തടവിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈയിലെത്തി ; മോചനം സാധ്യമാക്കിയത് ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടൽ

ചെന്നൈ : ശ്രീലങ്കയിലെ കൊളംബോ ജയിലിൽ നിന്ന് മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിലെത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നിർണ്ണായക ഇടപെടലിലൂടെയാണ് 21 മത്സ്യത്തൊഴിലാളികൾ തിരികെ നാട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം ജാഫ്‌ന കോൺസുലേറ്റ് ജനറലുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ സംസാരിച്ചിരുന്നു. ഡെപ്യൂട്ടി ഹൈക്കമ്മിഷനും മറ്റ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളെ കാണുകയും അവരുടെ ക്ഷേമം തിരക്കുകയും ചെയ്തെന്നും ഒരു ദിവസത്തിനുള്ളിൽ അവരെ നാട്ടിലെത്തിക്കുമെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ എക്‌സില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് 21 മത്സ്യത്തൊഴിലാളികൾ തിരികെ നാട്ടിലെത്തിയിരിക്കുന്നത്.

വ്യാഴാഴ്‌ചയാണ് കച്ചത്തീവ് ദ്വീപിന് വടക്ക് 5 നോട്ടിക്കൽ മൈൽ അകലെ ശ്രീലങ്കൻ നാവിക സേനയുടെ കപ്പലും ഇന്ത്യൻ മത്സ്യബന്ധന ബോട്ടും തമ്മിൽ കൂട്ടിയിടിച്ചത്. കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചിരുന്നു. കൂടാതെ മറ്റൊരാളെ കാണാതാവുകയും ചെയ്തു. രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കാങ്കസന്തുറൈ കരയിൽ എത്തിച്ചിരുന്നു. കൂടാതെ, കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

Related Articles

Latest Articles