അമേരിക്കൻ സന്ദർശനത്തിനിടെ നടത്തുന്ന നരേന്ദ്ര മോദി വിരുദ്ധ പ്രസംഗങ്ങളിലും ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിലും ഇന്ത്യയിലുടനീളം വ്യാപക പ്രതിഷേധമുയരുന്നതിനിടെ രാഹുൽ ഗാന്ധിയുടെ ചെയ്തികളിൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരും അസ്വസ്ഥരാണെന്ന് റിപ്പോർട്ട്. ചൈനയെയും പാകിസ്ഥാനെയും പുകഴ്ത്തിയുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായപ്രകടനങ്ങളിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹം കടുത്ത അമർഷത്തിലാണ്
“ശക്തമായ ഇന്ത്യാ വിരുദ്ധ വികാരങ്ങളുള്ള പത്രങ്ങൾ പോലും ഇന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും രാജ്യത്തിൻ്റെ ഉൽപാദന, അടിസ്ഥാന സൗകര്യ മേഖലകളിലെ അഭൂതപൂർവമായ പുരോഗതിയെയും പ്രശംസിക്കുന്നുണ്ട്. അപ്പോഴാണ് ടെക്സസിൽ നടത്തിയ പ്രസംഗങ്ങളിൽ രാഹുൽഗാന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഇകഴ്ത്തിയും പരിഹസിച്ചും സംസാരിച്ചത്. രാഹുൽ ഗാന്ധി നടത്തുന്നത് വിമർശനമല്ല. അദ്ദേഹം ഇന്ത്യക്കാരെ തന്നെ അപമാനിക്കുകയും രാജ്യം കൈവരിച്ച പ്രധാന നേട്ടങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്നു.അമേരിക്ക ആസ്ഥാനമായുള്ള റേറ്റിംഗ് ഏജൻസികളും ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ സ്ഥാപനങ്ങളും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന സമയത്താണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഇത് പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിക്കോ രാഹുലിനോ നല്ലതല്ല. തെരഞ്ഞെടുപ്പിൽ തോറ്റാൽ ഏറ്റവും നല്ല കാര്യം അടുത്ത തെരഞ്ഞെടുപ്പിനായി കാത്തിരുന്ന് ഇപ്പോഴത്തെ സർക്കാരിൻ്റെ പരാജയങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ്. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അധിക്ഷേപിച്ചുകൊണ്ട് രാഹുൽ ഗാന്ധി ചെയ്യുന്നത് സെൽഫ് ഗോളുകളാണ്. ഇന്നത്തെ ഇന്ത്യൻ ഭരണ സമ്പ്രദായത്തെക്കുറിച്ച് രാഹുൽ ഗാന്ധി ആരോപിക്കുന്നത് ആരും വിശ്വസിക്കാൻ പോകുന്നില്ല. “- ടെക്സാസ് ആസ്ഥാനമായുള്ള ഒരു എഞ്ചിനീയറിംഗ് സംരംഭകൻ സുരേഷ് റെഡ്ഡി പറഞ്ഞു.
” ഇന്ത്യൻ പ്രതിപക്ഷ നേതാവ് തൻ്റെ പ്രസംഗത്തിനിടെ ഉപയോഗിച്ച ഭാഷയിൽ താൻ ഞെട്ടിപ്പോയി. പാർലമെൻ്റിൽ അദ്ദേഹത്തിൻ്റെ പ്രസംഗം ഞാൻ കാണാനിടയായി, അത് അപരിഷ്‌കൃതമായിരുന്നു. അമേരിക്കയിലെ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളും വ്യത്യസ്തമല്ല. 2014ന് ശേഷം രാജ്യത്ത് തീവ്രവാദ ആക്രമണങ്ങളോ വർഗീയ കലാപങ്ങളോ ഉണ്ടായിട്ടില്ല. ഇത് മോദി ഭരണത്തിൻ്റെ വലിയ നേട്ടമായാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹം കാണുന്നത്”- സോഫ്റ്റ്‌വെയർ എഞ്ചിനിയറായ റാം പറഞ്ഞു.

