Sunday, December 14, 2025

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ! സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാകും; ജയ്സ്വാളും അയ്യരും പുറത്ത്

ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളായ യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ഒഴിവാക്കി, അപ്രതീക്ഷിത താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇത്തവണ ടീമിനെ പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. കൂടാതെ മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലിടം നേടി.

മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് 1.30-ന് നടത്താനിരുന്ന വാർത്താ സമ്മേളനം മുംബൈയിലെ കനത്ത മഴ കാരണം വൈകിയാണ് ആരംഭിച്ചത്. ശുഭ്മൻ ഗിൽ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

യുവതാരങ്ങളായ അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചു. പേസർമാരായ ഹർഷിത് റാണ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവർക്കൊപ്പം സ്പിന്നർമാരായ വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവരും ടീമിലുണ്ട്. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാകുമ്പോൾ, ജിതേഷ് ശർമയെ ബാക്കപ്പ് കീപ്പറായി നിലനിർത്തി.

ടീം ഇവരിൽ നിന്ന്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

Related Articles

Latest Articles