ദില്ലി: ബംഗളൂരുവിലേക്ക് പോകാൻ പുറപ്പെട്ട ഇൻഡിഗോ വിമാനം ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി. പറയുന്നുയരാൻ നിൽക്കവേ എഞ്ചിനിൽ തീപ്പൊരി ഉയരുകയായിരുന്നു. ഇത് കണ്ടതിനെ തുടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്. ഇൻഡിഗോ 6E-2131 വിമാനമാണ് തിരിച്ചിറക്കിയത്.
ദില്ലിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ദില്ലി പോലീസ് അറിയിച്ചു. എയർബസ് എ-320 വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 184 പേരാണ് ഉണ്ടായിരുന്നത്. രാത്രി 9.45 ഓടെയാണ് സംഭവം നടന്നത്. യാത്രക്കാരെ ഉടൻ പുറത്തിറക്കിയില്ല. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി മറ്റൊരു വിമാനത്തിൽ അയക്കുകയായിരുന്നു.
വിമാനം പറന്നുയരുമ്പോൾ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണ് ഇതെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇൻഡിഗോ അധികൃതർ പ്രതികരിച്ചു.

