ഹുബ്ബള്ളി : ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ സ്വന്തം വിവാഹ വിരുന്നിൽ ഓൺലൈനായി പങ്കെടുത്ത് നവദമ്പതികൾ. കർണാടകയിലാണ് സംഭവം. രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയത് മൂലമാണ് ടെക്കികളായ ദമ്പതികൾക്ക് ഹുബ്ബള്ളിയിലെ റിസപ്ഷനിൽ കൃത്യസമയത്ത് എത്താൻ സാധിക്കാതെ പോയത്. ഇതോടെയാണ് വിരുന്നിൽ ഓൺലൈനായി പങ്കെടുക്കാൻ ദമ്പതികൾ തീരുമാനിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഹുബ്ബള്ളി സ്വദേശിനിയായ മേധ ക്ഷിരസാഗറും ഒഡീഷയിലെ ഭുവനേശ്വർ സ്വദേശി സംഗമ ദാസുമാണ് ദുരനുഭവം നേരിട്ട ദമ്പതികൾ. ഇരുവരും ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയാണ്. ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിൽ വെച്ചായിരുന്നു ഇവരുടെ വിവാഹ വിരുന്ന് നിശ്ചയിച്ചിരുന്നത്.
വിവാഹ വസ്ത്രങ്ങൾ ധരിച്ച ദമ്പതികൾ, ഭുവനേശ്വറിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി തങ്ങളുടെ വിരുന്നിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. വിരുന്നിനെത്തിയ ബന്ധുക്കൾക്കും അതിഥികൾക്കും ദമ്പതികൾ വെർച്വലായി ആശംസകൾ നൽകുന്നതും വീഡിയോയിൽ കാണാം.
ഡിസംബർ 2-ന് ഭുവനേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഹുബ്ബള്ളിയിലേക്കും പോകാനായിരുന്നു ദമ്പതികൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ, ഡിസംബർ 2 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ അടുത്ത ദിവസം (ഡിസംബർ 3) പുലർച്ചെ വരെ ഇവരുടെ വിമാനങ്ങൾ വൈകുകയും ഒടുവിൽ ഡിസംബർ 3-ന് യാത്ര റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് സ്വന്തം വിരുന്നിൽ പങ്കെടുക്കാൻ ദമ്പതികൾക്ക് സാധിക്കാതെ വന്നത്.
വിമാന ജോലിക്കാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) നിയമങ്ങളിൽ (FDTL – Flight Duty Time Limitations) ഇളവ് തേടുന്നതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസ് രാജ്യവ്യാപകമായി നിരവധി സർവീസുകളാണ് റദ്ദാക്കിയത്. ഇതിന്റെ ഭാഗമായി മുംബൈയിൽ 104 ഇൻഡിഗോ വിമാനങ്ങളും ഡൽഹിയിൽ 225 വിമാനങ്ങളും റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഈ പ്രതിസന്ധിയാണ് പുതുജീവിതം ആരംഭിക്കാനൊരുങ്ങിയ ദമ്പതികൾക്ക് അപ്രതീക്ഷിത തിരിച്ചടിയായത്.

