Monday, December 15, 2025

ഇൻഡിഗോ കരകയറുന്നു ! 2,300 ൽ 1650 സർവീസുകളും ഇന്ന് പൂർത്തിയാക്കാനാകും ; യാത്രക്കാർ റീ ഫണ്ടായി നൽകിയത് 610 കോടി രൂപ

ദില്ലി : ആറ് ദിവസം നീണ്ട പ്രതിസന്ധിക്കുശേഷം ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ സാധാരണനിലയിലേക്ക്. ഇന്ന് ഷെഡ്യൂൾ ചെയ്ത 2,300 പ്രതിദിന സർവീസുകളിൽ 1650 എണ്ണം കമ്പനി പൂർത്തീകരിച്ചു. 3 ദിവസത്തിനുള്ളിൽ പൂര്‍ണമായും സര്‍വീസുകള്‍ സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കി. വെള്ളിയാഴ്ച 706 വിമാനസര്‍വീസുകള്‍ മാത്രം നടത്തിയ ഇന്‍ഡിഗോ ശനിയാഴ്ച 1565 സർവീസുകളും ഞായറാഴ്ച 1650 സര്‍വീസുകളും നടത്തി.

ഡിസംബര്‍ 15 വരെയുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ പൂര്‍ണമായ ഇളവ് നല്‍കുമെന്നും കമ്പനി അറിയിച്ചു. റീഫണ്ട് നടപടികളും ബാഗേജ് തിരികെ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. വിമാനസര്‍വീസുകള്‍ മുടങ്ങിയ സംഭവത്തില്‍ ഇന്‍ഡിഗോ ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

വിമാന സർവീസ് തടസ്സങ്ങൾ ആരംഭിച്ച ആദ്യ ദിവസം തന്നെ ഒരു “ക്രൈസിസ് മാനേജ്‌മെൻ്റ് ഗ്രൂപ്പ്” രൂപീകരിച്ചിരുന്നതായും, പ്രതിസന്ധിയുടെ വ്യാപ്തിയെക്കുറിച്ച് മാനേജ്‌മെൻ്റ് ബോർഡിന് വിശദമായ റിപ്പോർട്ട് നൽകിയതായും ഇൻഡിഗോ അറിയിച്ചു. പ്രതിസന്ധിയിൽ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇന്നലെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ മറുപടിനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിസിഎ ഇന്‍ഡിഗോ സിഇഒയ്ക്ക് നോട്ടീസ് നല്‍കിയത്.

Related Articles

Latest Articles