പത്തനംതിട്ട: ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നതിനിടെ യാക്കോബായ സഭ നിരണം ഭദ്രാസനത്തിലെ മുൻ അധിപൻ ആയിരുന്ന ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഓൺലൈൻ തട്ടിപ്പിന് ഇരയായതായി പരാതി. വെർച്വൽ അറസ്റ്റിൽ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബിഷപ്പിനെ തട്ടിപ്പിന് ഇരയാക്കിയത്. ഈ ഓൺലൈൻ തട്ടിപ്പിൽ 15 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് ഗീവർഗീസ് മാർ കൂറിലോസ് പരാതി നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പരാതിയിൽ പത്തനംതിട്ട കീഴ്വായ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
സിബിഐ,മുംബൈ സൈബർ വിംഗ് എന്ന പേരിലാണ് അദ്ദേഹത്തെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. ഗീവർഗീസ് കൂറിലോസിന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചാണ് കെണിയൊരുക്കിയത്. ഭയന്ന അദ്ദേഹം തട്ടിപ്പ് സംഘത്തിന്റെ വീഡിയോ കോൾ അറ്റൻഡ് ചെയ്തു. ഇതോടെ അവർ കൂടുതൽ കുരുക്കിലാക്കി.
അദ്ദേഹത്തെ വെർച്വൽ അറസ്റ്റിൽ ആണെന്ന് അറിയിച്ചു. വിവിധ കാരണങ്ങൾ പറഞ്ഞ് പണം തട്ടുകയായിരുന്നു സ്വന്തം അക്കൗണ്ടിൽ നിന്നും സുഹൃത്തിന്റെയും അക്കൗണ്ടുകളിൽ നിന്ന് 15,01,186 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. സംഭവത്തിൽ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

