Sunday, December 14, 2025

കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പ്രചോദനം… ഗഗൻയാനിലേക്കുള്ള നാഴികക്കല്ല് !ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : 18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിൽ മടങ്ങിയെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുഭാംശുവിനെ രാജ്യത്തോടൊപ്പം താനും സ്വാഗതം ചെയ്യുന്നുവെന്ന് സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന നിലയില്‍, തന്റെ അര്‍പ്പണബോധം, ധീരത, മുന്നേറ്റ മനോഭാവം എന്നിവയിലൂടെ ശുഭാംശു കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പ്രചോദനമായി എന്നും രാജ്യത്തിന്റെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല അടങ്ങിയ ആക്‌സിയം -4 ദൗത്യസംഘം ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിയോടെയാണ് തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത് പസഫിക് സമുദ്രത്തിൽ വിജയകരമായി സ്പ്ളാഷ് ഡൗൺ ചെയ്തത്.

ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 4.45-നാണ് പേടകം നിലയവുമായുള്ള ബന്ധം വേര്‍പെടുത്തിയത്. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു ഈ അണ്‍ഡോക്കിങ്. 2.37-ഓടെ പേടകത്തെ നിലയവുമായി ബന്ധിപ്പിച്ച വാതിലടഞ്ഞു (ഹാച്ചിങ് ക്ലോഷര്‍). 4.45-ന് ഭൂമിയിലേക്കുള്ള 22.5 മണിക്കൂര്‍ നീണ്ട യാത്രതുടങ്ങി.
പേടകത്തിന്റെ ഫ്‌ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര മുഴുവന്‍ നിയന്ത്രിച്ചത്. പൂര്‍ണ്ണമായും സ്വയം നിയന്ത്രിച്ചാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.

14 ദിവസത്തെ ദൗത്യത്തിനായാണ് ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് ശുഭാംശു ശുക്ല. ജൂണ്‍ 26 നാണ് സംഘം നിലയത്തിലെത്തിയത്. ജൂലായ് 9 ന് 14 ദിവസം പൂര്‍ത്തിയായി. ശേഷം നാല് ദിവസം കൂടി നിലയത്തില്‍ അധികം ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.

അതേസമയം യാത്രികരെ പേടകത്തില്‍നിന്ന് പുറത്തെത്തിച്ച് ബോട്ടുകളില്‍ പുനരധിവാസകേന്ദ്രത്തിലേക്കാകും കൊണ്ടുപോകുക . ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴുദിവസം അവിടെ ചിലവഴിക്കും .

Related Articles

Latest Articles