പാറ്റ്‌ന : തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന ‘വോട്ടർ അധികാർ യാത്രയ്ക്കിടെ’ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയ്ക്കുമെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിൽ വൻ പ്രതിഷേധമുയരുന്നു. സംഭവത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ദർഭംഗയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തേജസ്വി യാദവ് എന്നിവരുടെ ചിത്രങ്ങളുള്ള വേദിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിക്കെതിരെ മോശം ഭാഷ ഉപയോഗിക്കുന്നത് വീഡിയോയിൽ കാണാം. അതേസമയം, നേതാക്കൾ ആ സമയത്ത് വേദിയിൽ ഉണ്ടായിരുന്നില്ല.
ഇത്തവണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന പ്രാദേശിക നേതാവായ നൗഷാദിന്റെ പേര് വിളിച്ചാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. എന്നാൽ, റാലി നടക്കുന്ന സ്ഥലത്ത് നിന്ന് 15-20 മിനിറ്റ് മുൻപ് താൻ രാഹുൽ ഗാന്ധിയോടൊപ്പം മുസാഫർപൂരിലേക്ക് പോയിരുന്നുവെന്ന് നൗഷാദ് പ്രതികരിച്ചു. “ഞാൻ 20 വർഷമായി പാർട്ടി പ്രവർത്തകനാണ്. ഇങ്ങനെയൊരു കാര്യം ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല. എന്നിരുന്നാലും, പരിപാടി സംഘടിപ്പിച്ചത് ഞങ്ങളായതിനാൽ ഞാൻ മാപ്പ് പറയുന്നു,” അദ്ദേഹം വ്യക്തമാക്കി.
പ്രവർത്തകർ ഉപയോഗിച്ച അധിക്ഷേപകരമായ ഭാഷയെ കോൺഗ്രസ് തള്ളിപ്പറഞ്ഞു. പാർട്ടി ഇത്തരത്തിലുള്ള ഭാഷയെ അംഗീകരിക്കുന്നില്ലെന്നും, അതിനെ അപലപിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് റാഷിദ് ആൽവി പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഭാഷ മാപ്പർഹിക്കാത്തതാണെന്ന് ബിജെപി പ്രതികരിച്ചു. രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് നീരജ് കുമാർ ആവശ്യപ്പെട്ടു. “ഒരു സാധാരണക്കാരന്റെ മകൻ പ്രധാനമന്ത്രിയായത് നിങ്ങൾക്ക് സഹിക്കാനാകുന്നില്ല,” അദ്ദേഹം പറഞ്ഞു.
മുതിർന്ന ബിജെപി നേതാവും ലോക്സഭാ എംപിയുമായ രവിശങ്കർ പ്രസാദ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധിയെയും തേജസ്വി യാദവിനെയും ശക്തമായി വിമർശിച്ചു. പ്രധാനമന്ത്രിയുടെ അന്തരിച്ച അമ്മയെക്കുറിച്ചുള്ള പരാമർശങ്ങൾ “ലജ്ജാകരവും അങ്ങേയറ്റം അപമാനകരവുമാണ്” എന്നും ഇത് ഇന്ത്യൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. “ബിഹാറിലെ ജനങ്ങൾ രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഉപയോഗിച്ച ഈ വിദ്വേഷം നിറഞ്ഞ ഭാഷയ്ക്ക് തീർച്ചയായും മറുപടി നൽകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

