ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ മാദ്ധ്യമ നെറ്റ്‌വർക്കിൽ ഒന്നായ സണ്‍ ഗ്രൂപ്പില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കലാനിധി മാരനും ഭാര്യയും ചേര്‍ന്ന് ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തെന്നാരോപിച്ച് സഹോദരനായ ദയാനിധി മാരന്‍ നിയമനടപടിക്ക് നീങ്ങുന്നു. ഇക്കഴിഞ്ഞ ജൂണ്‍ പത്തിനാണ് ഇതുസംബന്ധിച്ച ലീഗല്‍ നോട്ടീസ് കലാനിധി മാരനും കുടുംബത്തിനും അയക്കുന്നത്. വലിയ സാമ്പത്തിക-ഓഹരി തട്ടിപ്പുകള്‍ നടന്നിട്ടുള്ളതിനാല്‍ എസ്എഫ്‌ഐഒ, സെബി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ മൂന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച തെളിവുകള്‍ കൈമാറുമെന്നും ദയാനിധി മാരന്‍ പറഞ്ഞു.
സണ്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ നിയമവിരുദ്ധമായി കലാനിധി മാരനും ഭാര്യയും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കലാനിധിയുടെ ആരോപണം. 2003-ല്‍ മുരശൊലി മാരന്‍ മരിക്കുന്നതിന് തൊട്ടുപിന്നാലെ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. അന്ന് 2,500 മുതല്‍ 3,000 രൂപവരെ വിലയുണ്ടായിരുന്ന ഓഹരി പത്ത് രൂപയ്ക്ക് ഉള്‍പ്പെടെ എഴുതി ഏതാണ്ട് 12 ലക്ഷത്തോളം ഓഹരി കലാനിധിയും ഭാര്യയും കൈക്കലാക്കിയെന്നാണ് ആരോപണം. നിലവില്‍ സണ്‍ ടിവിയുടെ 75 ശതമാനത്തോളം ഓഹരി കലാനിധിയുടെയും കുടുംബത്തിന്റെയും കൈവശമാണ്. ഇതില്‍ തന്നെയും സഹോദരിയെയും വഞ്ചിച്ചെന്നാണ് ദയാനിധി ആരോപിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അടക്കം ഇടപെട്ടേക്കുമെന്നാണ് വിവരം.

