Tuesday, December 23, 2025

രാജ്യാന്തര അവയവക്കടത്ത് കേസ്; പ്രധാന കണ്ണിയെ തേടി അന്വേഷണ സംഘം ഹൈദരാബാദിലേക്ക്; ശസ്ത്രക്രിയയ്ക്ക് ഇരയായ ഷബീറിന്റെ ആരോഗ്യ സ്ഥിതി ആശങ്കയിൽ എന്ന് റിപ്പോർട്ട്

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലേക്ക്. ഒന്നാം പ്രതി സബിത്ത് നാസർ അവയവക്കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദിൽ വെച്ച് ആയതിനാലാണ് ഇവിടെ ഉള്ള പ്രധാന കണ്ണിയെ തേടി അന്വേഷണം നടക്കുന്നത്.

അതേസമയം, അവയവക്കടത്തിൽ ഇരയായ പാലക്കാട്‌ സ്വദേശി ഷബീറിനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്താൻ സാധിച്ചില്ല. ഇയാളുടെ ആരോഗ്യ സ്ഥിതി ആശങ്കയിൽ എന്നാണ് വിവരം. ശസ്ത്രക്രിയക്ക് ശേഷം ഇയാൾ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. പോലീസ് എത്തുന്നത് അറിഞ്ഞതോടെ ഇയാൾ തമിഴ്നാട്ടിലെ താമസ സ്ഥലം മാറ്റി. തിരച്ചിൽ തുടരുന്നത് ഇയാളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കും എന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ വിലയിരുത്തൽ.

കസ്റ്റഡിയിൽ കിട്ടിയ സജിത്ത് ശ്യാമിനെയും സബിത് നാസറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. കടത്ത് സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സജിത്ത് ആണ്. മറ്റൊരു പ്രതിയായ മധുവിനെ ഇറാനിൽ നിന്നും പിടികൂടാൻ ഉണ്ട്.

Related Articles

Latest Articles