പത്തനംതിട്ട : ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. സ്പോട്ട് ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കോടതി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വരുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയുണ്ടാക്കുമെന്നതിനാലാണ് ഹൈക്കോടതി നടപടി. നേരത്തേ സ്‌പോട്ട് ബുക്കിങ് 20,000 ആയി ഹൈക്കോടതി നിജപ്പെടുത്തിയിരുന്നെങ്കിലും അതില്‍ കൂടുതല്‍ ബുക്കിങ് ഉണ്ടാകാറുണ്ട്. ഇത് നിയന്ത്രിക്കാന്‍ പോലീഡിനും ദേവസ്വം ബോർഡിനും കഴിയാത്ത
സാഹചര്യവുമുണ്ടായി.
കാനനപാതയിലും നിയന്ത്രണമുണ്ട്. ഇതുവഴി വരുന്ന അയ്യപ്പഭക്തന്മാരുടെ എണ്ണവും അയ്യായിരമാക്കി ഹൈക്കോടതി ചുരുക്കി. കാനനപാതവഴി ഇത്രയും ഭക്തന്മാരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദേശം. ഇതിനായി പ്രത്യേക പാസ് വനംവകുപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ വേണ്ടത്ര ഏകോപനം ഉണ്ടാകുന്നില്ലെന്നും ദേവസ്വം ബോർഡ് പറഞ്ഞതൊന്നും നടന്നില്ലെന്നും നേരത്തേ ഹൈക്കോടതി വിമർശിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ ദേവസ്വംബോർഡ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ ഏകോപനം ശബരിമലയിൽ ഉണ്ടായില്ല. മുന്നൊരുക്കങ്ങൾ ആറുമാസം മുമ്പെങ്കിലും തുടങ്ങേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു.

