Thursday, December 18, 2025

നിക്ഷേപത്തട്ടിപ്പുകൾ തുടർക്കഥയാകുന്നു; 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികൾക്കായുള്ള, തിരച്ചിൽ ഊർജിതമാക്കി പൊലീസ്

തൃശൂർ : 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി തുകയുമായി മുങ്ങിയ ദമ്പതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. തൃശൂർ വടൂക്കര സ്വദേശി പി.ഡി.ജോയി, ഭാര്യ റാണി, ഇവരുടെ രണ്ട് ആൺമക്കൾ എന്നിവരടങ്ങിയ കുടുംബം നാട്ടുകാരുടെ നിക്ഷേപങ്ങൾ തട്ടിയെടുത്ത് മുങ്ങിയെന്നാണ് പരാതി. കുടുംബത്തിനായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു. ഇവർക്കെതിരെ 10 കേസുകളാണ് നിലവിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

70 വർഷമായി പാരമ്പര്യമായി ധനകാര്യ സ്ഥാപനം നടത്തുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. തൃശൂർ പോസ്റ്റ് ഓഫിസ് റോഡിൽ ധനവ്യവസായം എന്ന പേരിൽ തുടങ്ങിയ പണമിടപാട് സ്ഥാപനത്തിൽ അരണാട്ടുകര, വടൂക്കര നിവാസികളായിരുന്നു നിക്ഷേപങ്ങൾ നടത്തിയിരുന്നത്. നിക്ഷേപങ്ങൾക്ക് 15 മുതൽ 18 ശതമാനം വരെയുള്ള വലിയ പലിശയാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 8,500 രൂപ വരെ പലിശയായി കിട്ടും. സാധാരണക്കാർ മുതൽ ബിസിനസുകാർ വരെ ഇവരുടെ മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ച് ലക്ഷങ്ങൾ നിക്ഷേപിച്ചു. ചിലർക്ക് എട്ടും പത്തും വർഷമായി മുടങ്ങാതെ പലിശ നൽകി ജനങ്ങളുടെ വിശ്വാസവും ഇവർ പിടിച്ചു പറ്റി.

നിക്ഷേപങ്ങൾ മറ്റുള്ളവർക്ക് കൊള്ള പലിശയ്ക്ക് മറിച്ചു നൽകിയാണ് ലാഭം കൊയ്യുന്നതായി വിശ്വസിപ്പിച്ച ജോയിയും കുടുംബവും ആഡംബര ജീവിതമാണ് നയിച്ചതെന്നു നാട്ടുകാർ പറയുന്നു. നിരവധി ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയ ഇയാൾക്ക് രണ്ട് ആഡംബര വീടുകളുമുണ്ട്.

Related Articles

Latest Articles