ഹരിയാനയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ പുരണ്‍ കുമാറിന്റെ ആത്മഹത്യയിൽ അന്വേഷണം പുരോഗമിക്കവേ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു. റോഹ്തക്കിലെ സൈബർ സെല്ലിൽ ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്ദീപ് കുമാറാണ് ജീവനൊടുക്കിയത്. സന്ദീപ് കുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ പുരണ്‍ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.പുരൺ കുമാറിനെതിരായ അഴിമതി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലും സന്ദീപ് കുമാർ അംഗമായിരുന്നു.
പുരൺ കുമാർ ഒരു അഴിമതിക്കാരനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ നിരവധി തെളിവുകളുണ്ട്, തന്റെ അഴിമതി പുറത്തുവരുമെന്ന് ഭയന്നപ്പോൾ ആത്മഹത്യ ചെയ്തുവെന്നുമാണ് സന്ദീപ് കുമാറിന്‍റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ഞാൻ എന്റെ ജീവൻ ബലിയർപ്പിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. പുരണ്‍ കുമാറിന്‍റെ ആത്മഹത്യയെ തുടർന്ന് സേനയിൽ നിന്ന് പുറത്താക്കപ്പെട്ട റോഹ്തക് എസ്‌പി നരേന്ദ്ര ബിജാർണിയയ്ക്ക് ജീവനൊടുക്കും മുന്‍പ് റെക്കോര്‍ഡ് ചെയ്ത വിഡിയോയിലൂടെ സന്ദീപ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്ര ബിജാർണിയ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് സന്ദീപ് വിഡിയോയില്‍ പറയുന്നത്.
ഒക്ടോബർ 7 നാണ് പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്തത്. ചണ്ഡിഗഡിലെ വസതിയിൽ സ്വയം വെടിവച്ച് ജീവനൊടുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒൻപതു പേജുള്ള ആത്മഹത്യാ കുറിപ്പും പോലീസിനു ലഭിച്ചിരുന്നു. ഡിജിപി ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരുടെ പേര് കുറിപ്പിൽ ഉണ്ടെന്നാണു വിവരം.

