ഇറാന്‍ – ഇസ്രയേൽ സംഘർഷ സാധ്യത സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പുകൾ നൽകുന്നതിനിടെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ദില്ലിയിൽ നിന്ന് ആഴ്ചയിൽ നാല് സർവീസുകളാണ് എയർ ഇന്ത്യ ടെല്‍ അവീവിലേക്ക് നടത്തുന്നത്. പശ്ചിമേഷ്യയില്‍ സംഘർഷ സാധ്യത തുടരുന്നതിനാൽ മറ്റ് വിമാനക്കമ്പനികളും ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
ഹമാസ് രാഷ്ട്രീയകാര്യമേധാവി ഇസ്മയില്‍ ഹനിയെയുടെ കൊലപാതകത്തെത്തുടര്‍ന്നാണ് നിലവിലെ സംഘർഷാവസ്ഥ രൂപപ്പെട്ടത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പുതിയ പ്രസിഡന്റ് മസൂദ് പെസ്ഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയപ്പോഴായിരുന്നു ഹനിയെ വധിക്കപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് ഹമാസും ഇറാനും ആരോപിക്കുന്നത്. എന്നാൽ ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

