ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന അവസരത്തിലാണ് ആ രാജ്യത്തിന് പ്രസിഡന്റിനെ നഷ്ടമാകുന്നത്. മഹ്‌സ അമ്‌നിയുടെ കൊലപാതകത്തിന് ശേഷം രാജ്യത്ത് ഉയർന്നുവന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതിന്റെ പേരിൽ പാശ്ചാത്യ ലോകത്തിന്റെ കടുത്ത വിമർശനം ഏറ്റുവാങ്ങിയ നേതാവായിരുന്നു റെയ്‌സി. 1979 ൽ സ്ഥാപിക്കപ്പെട്ട ഇസ്ലാമിക ഭരണകൂടത്തിന് എതിരെ പ്രവർത്തിച്ചിരുന്ന നിരവധി റിബലുകളെ വധിശിക്ഷയ്ക്ക് വിധിച്ച നേതാവെന്ന നിലയിലും അദ്ദേഹം കുപ്രസിദ്ധി നേടി. പക്ഷെ ഇറാനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി ഘട്ടങ്ങളിൽ രാഷ്ട്രത്തിന്റെ നട്ടെല്ലായ നേതാവാണ് റെയ്‌സി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനിയുമായി ഒത്തുപോകുന്ന നേതൃത്വം. ആണവ പരിപാടികൾ ഉൾപ്പെടെ രാജ്യതാല്പര്യങ്ങൾ ഏതുവലിയ സമ്മർദ്ദത്തിനിടയിലും സംരക്ഷിച്ച നേതാവായിരുന്നു റെയ്‌സി.
ലോകക്രമത്തിൽ ഇറാൻ ഒരു രാഷ്ട്രമെന്ന നിലയിൽ വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് പ്രസിഡന്റ് വിടവാങ്ങുന്നത്. ഇറാൻ കനത്ത നഷ്ടം തന്നെയാണ് ഈ ദുരന്തമെന്നതിൽ സംശയമില്ല. അമേരിക്കയുമായി ചരിത്രത്തിലെ ഏറ്റവും വലിയ ഉരസലിലാണ് ഇറാൻ. പാശ്ചാത്യ ലോകത്തിന്റെ കടുത്ത ഉപരോധം നേരിടുന്നു. ഇസ്രയേലുമായി സംഘർഷം നടക്കുന്നു. അതിർത്തിയിൽ പാക്സ്ഥാനുമായി സംഘർഷം ഇതെല്ലാം ഇറാൻ ഇന്ന് നേരിടുന്ന വെല്ലുവിളികളാണ്. ലോകക്രമത്തിൽ തീർത്തും ഒറ്റപ്പെട്ട് നിൽക്കുന്ന അവസരത്തിലുണ്ടായ വിയോഗത്തിൽ ഇറാൻ ജനത പ്രതിസന്ധിയിലാണ്
ലോകം മുഴുവൻ ഏകാധിപതിയെന്ന് വിലയിരുത്തുമ്പോഴും ഇന്ത്യയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. റെയ്‌സി. ഇസ്രായേൽ കപ്പൽ പിടിച്ചെടുത്ത ഇറാൻ അതിലുണ്ടായിരുന്ന ഇന്ത്യക്കാരെ ഒട്ടും സമ്മർദ്ദത്തിലാക്കിയില്ല. ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തതോടെ ആ രംഗത്ത് പരസ്പര സഹകരണം പുതിയ തലത്തിലേക്ക് ഉയരുകയാണ്.
ഇന്നലെയാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിര്‍, ഈസ്റ്റേണ്‍ അസര്‍ബൈജാൻ ഗവര്‍ണര്‍ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവര്‍ത്തകരെത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. അപകടത്തില്‍ ജീവനോടെ ആരും രക്ഷപ്പെട്ടതിന്‍റെ സൂചനകളൊന്നും സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. 14 മണിക്കൂറിലധികമായി നാൽപതിലേറെ സംഘങ്ങൾ നടത്തിയ തിരച്ചിലിലാണ് ഹെലികോപ്ടര്‍ കണ്ടെത്താനായത്.

