ദില്ലി : ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ . പാക് സൈനിക മേധാവി അസിം മുനീറിന്റെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അത്താഴ വിരുന്നിനെ കുറിച്ചും ചോദിച്ചപ്പോഴായിരുന്നു ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജവാദ് ഹുസൈനി മുന്നറിയിപ്പ് മുഴക്കിയത്.
‘ആണവ നിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമായ ഇറാൻ നിരുപാധികമായി കീഴടങ്ങില്ല. ഏതെങ്കിലും മൂന്നാം കക്ഷി യുദ്ധത്തിൽ പ്രവേശിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽനിന്ന് ഇറാൻ കൂടുതൽ ധാരണയും സഹകരണവും പ്രതീക്ഷിക്കുന്നു.’ ഹുസൈനി പറഞ്ഞു. അസീം മുനീർ മെയിൽ ടെഹ്റാനിൽ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ഹുസൈനി അറിയിച്ചു.
ഡൊണാൾഡ് ട്രമ്പ് പാക് സൈനികമേധാവി അസീം മുനീറിനു നൽകിയ ഉച്ചവിരുന്നിൽ വച്ച് പാകിസ്ഥാനെ അമേരിക്ക വരുതിയിലാക്കിയതായ റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. പാകിസ്ഥാനിലെ വ്യോമത്താവളങ്ങളും മറ്റും അമേരിക്കയ്ക്ക് വിട്ടു നൽകിയാൽ പാകിസ്ഥാന് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നൽകാമെന്ന് ട്രമ്പ് വാഗ്ദാനം നൽകിയതായാണ് വിവരം.

