പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ മായത്തൂർ പാലത്തിന് സമീപത്തെ റെയിൽപാളത്തിൽ അഞ്ച് ഇടങ്ങളിലായി ഇരുമ്പ് ക്ലിപ്പുകൾ സ്ഥാപിച്ച നിലയിൽ കണ്ടെത്തി. ഇവ ബോധപൂർവ്വം സ്ഥാപിച്ചതാണെന്നാണ് പ്രാഥമിക വിവരം. ആർപിഎഫും പോലീസും ഉൾപ്പെടെ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്.
തമിഴ്നാട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകുന്ന ട്രെയിനുകളും തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളും കടന്നുപോകുന്ന സ്ഥലത്താണ് ഇത്തരമൊരു സംഭവം. നേരത്തെ കണ്ണൂർ വളപ്പട്ടണത്ത് കല്ലുകളും കോൺഗ്രീറ്റ് സ്ലാവുകളും റെയിൽവേ ട്രാക്കിൽ സ്ഥാപിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒറ്റപ്പാലത്ത് അട്ടിമറി ശ്രമം റിപ്പോർട്ട് ചെയ്തത്.

