ദില്ലി : ഏത് മതം ആയാലും വിവാഹമോചനം തേടുന്ന സ്ത്രീയ്ക്ക് ഭർത്താവിൽ നിന്നും ജീവനാംശത്തിനുള്ള അർഹതയുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെലങ്കാന സ്വദേശിയായ മുസ്ലീം യുവാവ് നൽകിയ ഹർജിയിൽ ആയിരുന്നു സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.
വിവാഹ മോചനം തേടിയ മുസ്ലീം യുവതിയ്ക്ക് യുവാവ് പ്രതിമാസം 10,000 രൂപ ജീവനാംശമായി നൽകണം എന്നായിരുന്നു തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു യുവാവ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി വി നഗരത്‌ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് മുൻപാകെയായിരുന്നു ഹർജി സമർപ്പിച്ചത്. അതേസമയം, മത നിയമം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു യുവാവിന്റെ ഹർജി. എന്നാൽ മതം ഏതായാലും രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സിആർപിസിയിലെ 125ാം വകുപ്പ് പ്രകാരം വിവാഹ മോചിതയാകുന്ന സ്ത്രീയ്ക്ക് ജീവനാംശത്തിനുള്ള അവകാശം ഉണ്ട്. അതിനാൽ ഹൈക്കോടതി ഉത്തരവ് പ്രകാരം ഭാര്യയ്ക്ക് പ്രതിമാസം നിശ്ചിത തുക നൽകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

