Saturday, December 13, 2025

മൂന്നാം സീറ്റെന്ന ലീഗിന്റെ സ്വപ്നം പൊലിഞ്ഞോ ? കോൺഗ്രസുമായുള്ള ചർച്ചകൾക്ക് ശേഷവും സീറ്റ് വിഭജനത്തിൽ വ്യക്തതയില്ല; രാജ്യസഭാ സീറ്റ് നൽകിയേക്കുമെന്ന് സൂചന !

പടിവാതിക്കൽ എത്തി നിൽക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുവേണ്ടി കോൺഗ്രസുമായി നടത്തിയ ചർച്ച തൃപ്തികരമെന്ന് മുസ്‍ലിം ലീഗ് അവകാശപ്പെട്ടെങ്കിലും ലീഗ് ആവശ്യപ്പെടുന്ന സീറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മുസ്‍ലിം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായതായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. യോഗത്തിൽ മുസ്‍ലിം ലീഗിനു മൂന്നാം സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസ് ബുദ്ധിമുട്ട് അറിയിച്ചതായാണു സൂചന. പകരം രാജ്യസഭാ സീറ്റ് എന്ന നിർദേശം കോൺഗ്രസ് മുന്നോട്ട് വച്ചതായും റിപ്പോർട്ടുണ്ട്. രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദേശം വരുന്ന ചൊവ്വാഴ്ച ചേരുന്ന ലീഗ് യോഗം ചർച്ച ചെയ്യും.

‘‘ചർച്ചയിലെ തീരുമാനങ്ങൾ പങ്കെടുത്ത നേതാക്കൾ അവരുടെ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യും. ഞങ്ങൾ ഞങ്ങളുടെ നേതൃത്വവുമായും ചർച്ച ചെയ്യും. അതിനുശേഷം 27–ാം തീയതി അന്തിമ തീരുമാനം ഉണ്ടാകും. മൂന്നാം സീറ്റ് നൽകുമോയെന്ന കാര്യം 27–ാം തീയതി കഴിയാതെ പറയാനാകില്ല. ചർച്ചയിൽ യുഡിഎഫ് സംതൃപ്തരാണ്. നന്നായി ചർച്ച പൂർത്തിയാക്കി. എല്ലാം പോസിറ്റീവാണ്. ലീഗ് നേതാക്കൾ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്.നീണ്ട വർഷത്തെ ബന്ധമുള്ള രണ്ട് സഹോദരപാർട്ടികളാണ് ഞങ്ങൾ. മറ്റു കാര്യങ്ങളാണു ചർച്ചയിൽ കൂടുതൽ സംസാരിച്ചത്. ഞങ്ങളുടെ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചർച്ചകള്‍ പൂർത്തിയാക്കി. യു‍ഡിഎഫിൽ തുടരാൻ ആയിരം കാരണങ്ങളുണ്ട്, എൽഡിഎഫിൽ പോവാൻ ഒരു കാരണവുമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിട്ടും ഇടതുനേതാക്കൾ പിന്നെയും ലീഗിന് പുറകേ നടക്കുകയാണ്.’’ – സതീശൻ പ്രതികരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു യോഗത്തിനു തൊട്ടുമുൻപും മുസ്‍ലിം ലീഗ് വ്യക്തമാക്കിയിരുന്നു. മൂന്നാം സീറ്റ് ഉറപ്പായും വേണമെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നുമായിരുന്നു യോഗത്തിനു മുൻപ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞത്.

Related Articles

Latest Articles