ധാക്ക: ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറി വിഗ്രഹം തകർത്ത മതഭ്രാന്തനെ വിശ്വാസികൾ പിടികൂടി. ബംഗ്ലാദേശിലെ ഫരീദ്‌പൂർ നഗരത്തിലെ കാളി ക്ഷേത്രത്തിലാണ് സംഭവം. മുഹമ്മദ് മിറാജുദ്ദീനാണ് ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നിർമ്മാണത്തിലിരുന്ന സരസ്വതി ദേവിയുടെ വിഗ്രഹം നശിപ്പിച്ചത്. ക്ഷേത്രത്തിന്റെ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയായിരുന്നില്ല. ഫെബ്രുവരി മൂന്നിന് പ്രതിഷ്ഠ നടത്താനിരുന്ന വിഗ്രഹമാണ് നശിപ്പിച്ചത്.
രാത്രിയാണ് ഇയാൾ ക്ഷേത്രത്തിലേയ്ക്ക് അതിക്രമിച്ച് കടന്നത്. ശബ്ദം കേട്ട പരിസരവാസികളായ വിദ്യാർത്ഥികളാണ് അക്രമിയെ പിടികൂടിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. ഇയാൾ നേരത്തെയും ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഫരീദ്പൂർ ഇസ്‌കോൺ ക്ഷേത്രത്തിലെ സരസ്വതി വിഗ്രഹം നശിപ്പിച്ചതിലും മിറാജുദ്ദീൻ ഉൾപ്പെട്ടിരുന്നു. ആ സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും, ‘മാനസിക അസ്ഥിരത’ എന്ന കാരണം കാട്ടി ഇയാളെ വിട്ടയച്ചു.
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ പിന്തുണയോടെ ന്യുനപക്ഷങ്ങളായ ഹിന്ദുക്കൾക്ക് നേരെ ആക്രമണം തുടരുകയാണ്. ക്ഷേത്രങ്ങളും ആക്രമണങ്ങളും വ്യാപകമായി തകർപ്പിക്കപ്പെടുന്നു. പ്രാദേശികമായി പ്രതിരോധം തീർത്താണ് ഹിന്ദുക്കൾ അവരുടെ വീടുകളും, വ്യാപാര സ്ഥാപനങ്ങളും, ക്ഷേത്രങ്ങളും സംരക്ഷിക്കുന്നത്. ആക്രമണത്തിന് നേതൃത്വം നൽകുന്ന ഇസ്ലാമിക തീവ്രവാദി സംഘടനകൾക്കെതിരെ സർക്കാരിന് മൃദുസമീപനമാണെന്ന് ആരോപണം ഉയരുന്നുണ്ട്.

