ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ ‘ലവ് ജിഹാദ്’ സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ രണ്ട് ഹിന്ദു യുവാക്കളെ തട്ടിക്കൊണ്ടുപോയി നഗ്നരാക്കി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവം, മർദ്ദനമേറ്റ ചന്ദൻ മൗര്യ റാംഗാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പുറത്തറിയുന്നത്.
ചന്ദന്റെ മൊഴി പ്രകാരം, താനും ബന്ധുവായ മോഹിത്തും സുഹൃത്ത് അന്നുവും ഒരു ജന്മദിനാഘോഷത്തിന് പോകുമ്പോൾ മെഹരി ബൈഖ ഗ്രാമത്തിലെ ഷഹാബുദ്ദീനും മറ്റ് രണ്ട് പേരും ചേർന്ന് തടയുകയായിരുന്നു. പിന്നീട് അനസ്, സീഷാൻ എന്നിവരും അക്രമി സംഘത്തോടൊപ്പം ചേർന്നുവെന്നും ചന്ദൻ പറയുന്നു.
ചന്ദനും മോഹിത്തും ഒരു വാഹനത്തിൽ കയറ്റി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായും ചന്ദൻ വെളിപ്പെടുത്തി. തങ്ങളെ നഗ്നരാക്കുകയും ഇരുമ്പ് ദണ്ഡുകൾ കൊണ്ട് മർദ്ദിക്കുകയും വെള്ളം നിഷേധിക്കുകയും ചെയ്തെന്ന് ചന്ദൻ അവകാശപ്പെട്ടു. ദാഹിച്ചപ്പോൾ മൂത്രം കുടിക്കാൻ നിർബന്ധിച്ചതായും തോക്കിൻമുനയിൽ ‘ഇസ്ലാം സിന്ദാബാദ്’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടതായും ചന്ദൻ പരാതിയിൽ പറയുന്നു.
എന്നാൽ, നിർബന്ധിച്ച് മതപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിച്ചതുൾപ്പെടെയുള്ള ഗുരുതരമായ പല ആരോപണങ്ങളും ആദ്യത്തെ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. “ഈ വാദങ്ങൾ പിന്നീട് ഉയർന്നുവന്നതാണ്, അവ പരിശോധിച്ചുവരികയാണ്,” അഡീഷണൽ എസ്പി ദുർഗാ പ്രസാദ് തിവാരി പറഞ്ഞു. “ഈ ആരോപണങ്ങൾക്ക് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇവ ആദ്യത്തെ പരാതിയിൽ ഉണ്ടായിരുന്നില്ല, പിന്നീട് ഉയർന്നുവന്നതാണ്. ഞങ്ങൾ അന്വേഷണം നടത്തുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാഥമിക അന്വേഷണത്തിൽ, സംഭവം വ്യക്തിപരമായ വൈരാഗ്യം മൂലമാകാം എന്നാണ് സൂചന. ഷഹാബുദ്ദീൻ, അനസ്, സീഷാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
തങ്ങളെ ആക്രമിച്ചവർ ‘ബാബ ഗുരുപ്പ്’ എന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽപ്പെട്ടവരാണെന്നും, ഇവർ വ്യാജ ഹിന്ദു ഐഡികൾ ഉപയോഗിച്ച് ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനത്തിനായി സോഷ്യൽ മീഡിയ വഴി കുടുക്കുകയാണെന്നും ചന്ദൻ ആരോപിച്ചു.

