ഹമാസിനും ഹിസ്ബുള്ളയ്ക്കുമപ്പുറം ലോകത്തെ ഇസ്‌ലാമിക ഭീകരവാദ ഗ്രൂപ്പുകൾക്ക് തന്നെ കടുത്ത തിരിച്ചടിയാണ് ഇസ്രയേൽ നൽകിയിരിക്കുന്നതെന്ന വിലയിരുത്തലിൽ ലോകം. ഹിസ്ബുള്ളയിലെ ഏറ്റവും മുതിർന്ന കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഹനിയ്യയുടെ മരണം ഇറാൻ ഭരണകൂടം സ്ഥിരീകരിക്കുന്നത്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഷുക്കർ കൊല്ലപ്പെട്ടപ്പോൾ ഹനിയ്യയുടെ മരണത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിടാൻ ഇറാൻ ഭരണകൂടം തയ്യാറായിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്.
ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്‌റാനിലെത്തിയത്.ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രസ്താവനയിൽ അറിയിച്ചു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു.
ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇതിനോടകം സംശയം ഉയർന്നിട്ടുണ്ട്.എന്നാൽ ഇസ്രയേൽ പ്രതികരിക്കുകയോ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ തയ്യാറാകുകയോ ചെയ്തിട്ടില്ല. നേരത്തെ ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.
1987ൽ ഹമാസിന്‍റെ ഭാഗമായ ഹനിയ്യയെ 89ൽ ഇസ്രയേൽ ജയിലിലടച്ചിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് 92ൽ ലബനനിലേക്ക് നാടുകടത്തപ്പെട്ടു. ഒരു വർഷം കഴിഞ്ഞ് പലസ്തീനിൽ തിരിച്ചെത്തി. 2006ൽ ഹനിയ്യ പലസ്തീൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017ലാണ് ഹനിയ്യ ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവനായി ചുമതലയേറ്റത്. 62കാരനായ ഹനിയ്യ 2023 മുതൽ ഖത്തറിലായിരുന്നു താമസം.
അതേസമയം ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ മിലിട്ടറി കമാൻഡർ ഫുവാദ് ഷുക്കറിനെ വ്യോമാക്രമണത്തിലാണ് ബെയ്‌റൂട്ടിൽ വച്ച് കൊലപ്പെടുത്തിയതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഗോലാൻ കുന്നുകളിൽ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഇസ്രയേൽ സൈന്യത്തിന്റെ ഈ നീക്കം. അതേസമയം കൊല്ലപ്പെട്ടത് ഫുവാദ് ഷുക്കർ തന്നെയാണെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല. 2016-ൽ സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ നടന്ന സ്‌ഫോടനത്തിൽ മുസ്തഫ ബദ്രെദ്ദീൻ കൊല്ലപ്പെട്ടതിന് ശേഷം കൊല്ലപ്പെട്ട ഹിസ്ബുള്ളയിലെ ഏറ്റവും മുതിർന്ന കമാൻഡറാണ് ഷുക്കർ.
ഗൈഡഡ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, കപ്പൽ വിരുദ്ധ മിസൈലുകൾ, ദീർഘദൂര റോക്കറ്റുകൾ, യുഎവികൾ എന്നിവയുൾപ്പെടെ ഹിസ്ബുള്ളയുടെ ഏറ്റവും നൂതനമായ ആയുധങ്ങളുടെ ചുമതല കൈകാര്യം ചെയ്തിരുന്നത് ഫുവാദ് ഷുക്കറായിരുന്നു.
1983ൽ ബെയ്‌റൂട്ടിൽ 241 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ബോംബാക്രമണത്തിന് പിന്നിൽ ഷുക്കറായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് 5 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. 1983 ഒക്‌ടോബർ 23-ന് ബെയ്‌റൂട്ട് ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപമാണ് സ്ഫോടനമണ്ടായത്.

