സിറിയയിലെ കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. സിറിയയിലെ മനുഷ്യാവകാശ സംഘടനായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പറയുന്നതനുസരിച്ച് 2012 ന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. സ്ഫോടനത്തിന്റെ ശക്തി ഭൂകമ്പത്തിന് തുല്യമായിരുന്നു എന്നാണ് പിന്നീട് അധികൃതര്‍ വ്യക്തമാക്കിയത്. ഭൂകമ്പം അളക്കുന്ന റിക്ടര്‍ സ്‌കെയിലില്‍ പോലും ഈ സ്ഫോടനത്തിന്റെ തോത് രേഖപ്പെടുത്തിയിരുന്നു. സിറിയയിലെ ടാർട്ടസിൽ നടന്ന സ്ഫോടനത്തിന്റെ പ്രകമ്പനം 820 കിലോമീറ്റർ അകലെയുള്ള തുർക്കിയിലെ മാഗ്നെറ്റോമീറ്റർ സ്റ്റേഷനിലെ ഭൂകമ്പ മാപിനിയിൽ രേഖപ്പെടുത്തി.
സിറിയയിലെ തീരദേശ മേഖലയായ ടോര്‍ടസ് ലക്ഷ്യമിട്ടാണ് കൂടുതല്‍ ആക്രമണങ്ങളും നടന്നത്. സിറിയയുടെ വ്യോമ പ്രതിരോധ യൂണിറ്റുകൾ, ഉപരിതലത്തിൽ നിന്ന് ഉപരിതല മിസൈൽ വെയർഹൗസുകൾ എന്നിവയുൾപ്പെടെ ആക്രമത്തിൽ തകർന്നുവെന്നാണ് വിവരം.
ഹിസ്ബുള്ള പോലുള്ള ഭീകരവാദഗ്രൂപ്പുകളിലേക്ക് അത്യാധുനിക ആയുധങ്ങൾ എത്തുന്നത് തടയാൻ ഇസ്രായേൽ ദീർഘകാലമായി സിറിയയിൽ വ്യോമാക്രമണം നടത്തിയിരുന്നു. സുരക്ഷാ ഭീഷണികൾ തടയാനും ഇസ്രായേലിൻ്റെ വടക്കൻ അതിർത്തിയിൽ സ്ഥിരത നിലനിർത്താനുമാണ് ആക്രമണം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

