Monday, December 22, 2025

ഒരു ഹമാസ് സൈനിക നേതാവിനെ കൂടി വധിച്ച് ഇസ്രയേൽ !റോക്കറ്റ് ശേഖരവും നശിപ്പിച്ചു ; വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടു

ഗാസ : തെക്കൻ ഗാസ മുനമ്പിലെ തന്ത്രപ്രധാന മേഖലയായ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ പ്രമുഖ സൈനിക നേതാക്കളിൽ ഒരാളായ നാസ്സർ മൂസ കൊല്ലപ്പെട്ടു. ഹമാസ് ആയുധങ്ങൾ സംഭരിച്ചിരുന്ന ഒരു കെട്ടിടം ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേൽ പ്രതിരോധ സേനയുടെ ആക്രമണം. ഈ മാസം ഒൻപതിനാണ് മൂസ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഗാസയുടെ സൈനിക നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകി ദിവസങ്ങൾക്കകമാണ് ഈ നിർണായക നീക്കം. ഹമാസ് റോക്കറ്റുകൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഖാൻ യൂനിസിലെ കെട്ടിടം വ്യോമാക്രമണത്തിൽ പൂർണ്ണമായി തകർന്നുവെന്നും, ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് ഐഡിഎഫ് അറിയിച്ചു.

2025 മെയ് മാസത്തിൽ വധിക്കപ്പെട്ട റഫ ബ്രിഗേഡിന്റെ മുൻ കമാൻഡർ മുഹമ്മദ് ഷബാനയുടെ അടുത്ത അനുയായിയായിരുന്നു നാസ്സർ മൂസ. ഹമാസിൻ്റെ സൈനിക വിഭാഗത്തിലെ രഹസ്യാന്വേഷണ മേധാവിയും നിരീക്ഷണ സംവിധാനത്തിന്റെ തലവനുമായി പ്രവർത്തിച്ചിരുന്ന ഇയാൾ, ഹമാസിന്റെ പോരാട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന വ്യക്തിയാണ്. മൂസയുടെ മരണം ഹമാസിന്റെ സൈനിക നീക്കങ്ങൾക്കും ആശയവിനിമയ ശൃംഖലകൾക്കും കനത്ത തിരിച്ചടിയാകുമെന്നാണ് ഇസ്രായേൽ വിലയിരുത്തുന്നത്.

ഈ സംഭവവികാസം ഗാസയിലെ നിലവിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്. ആക്രമണത്തെക്കുറിച്ചുള്ള ഹമാസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല

Related Articles

Latest Articles