Saturday, December 13, 2025

അവസാന ഹമാസ് ഭീകരനെയും വകവരുത്താതെ വെടി നിർത്തൽ ചിന്തയിൽ പോലുമില്ല ! ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചടക്കാനൊരുങ്ങി ഇസ്രയേൽ; ഗാസാ നിവാസികളോട് സുരക്ഷിത മേഖലയിലേക്ക് മാറാൻ നിർദേശം

ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചടക്കാനുള്ള സൈനിക നീക്കത്തിന് മുന്നോടിയായി നഗരവാസികളോട് ഉടൻ ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖലയിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രായേൽ സൈന്യം. അൽ-മവാസി എന്ന് പേരിട്ട ഈ മേഖലയിലേക്ക് എത്രയും വേഗം മാറണമെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രീ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.

എന്നാൽ, പുതിയ സൈനിക നടപടി എപ്പോൾ തുടങ്ങുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിൻ്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ ഇത് മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്ന് സൈനിക വക്താവ് അറിയിച്ചു. അൽ-മവാസിയിലെ മാനുഷിക മേഖലയിൽ ഭക്ഷണം, മരുന്ന്, കൂടാരങ്ങൾ, വൈദ്യോപകരണങ്ങൾ, താൽക്കാലിക ആശുപത്രികൾ, ശുദ്ധജല പൈപ്പ് ലൈനുകൾ എന്നിവ ലഭ്യമാക്കുമെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ തെക്കൻ ഗാസയിലെ മാനുഷിക പ്രവർത്തനങ്ങൾ തുടരുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. അതേസമയം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹം സമ്മർദ്ദം ചെലുത്തുന്നുണ്ട്. നേരത്തെ, ഹമാസ് ഒരു വെടിനിർത്തൽ നിർദേശത്തിന് താൽക്കാലികമായി സമ്മതിച്ചിരുന്നു. അതനുസരിച്ച് ഗാസയിലെ ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കാമെന്നും ധാരണയായിരുന്നു. എന്നാൽ, എല്ലാ ബന്ദികളെയും ഒരേസമയം മോചിപ്പിക്കണമെന്നും ആയുധങ്ങൾ ഉപേക്ഷിക്കണമെന്നുമാണ് ഇസ്രായേലിൻ്റെ നിലപാട്. ഗാസയുടെ നിയന്ത്രണം പൂർണ്ണമായി കൈമാറണമെന്ന വ്യവസ്ഥയും ഇസ്രായേൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ തർക്കങ്ങൾ കാരണം വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള നീക്കം ഇസ്രായേൽ ഊർജിതമാക്കുന്നത്.

Related Articles

Latest Articles