ലെബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ തിരിച്ചടി. ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ റദ്വാന്‍ ഫോഴ്സിന്റെ മേധാവിയാണ് ഇബ്രാഹിം അഖീല്‍. ബെയ്‌റൂത്തിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചു. എന്നാല്‍, മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹിസ്ബുള്ളയുടെ സായുധസേന വിഭാഗത്തിലെ ഉന്നതന്‍ ഫുവാദ് ഷുക്ക്‌റിനെ കഴിഞ്ഞ ജൂലായില്‍ ഇസ്രയേല്‍ സൈന്യം വധിച്ചിരുന്നു.
ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ലെബനനിലെ ഹിസ്ബുള്ളയുടെ നൂറോളം റോക്കറ്റ് ലോഞ്ചറുകളും 1,000 റോക്കറ്റ് ലോഞ്ചര്‍ ബാരലുകളുമുള്‍പ്പെടെ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേനയും വ്യക്തമാക്കിയിരുന്നു. പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ വ്യാഴാഴ്ച ഇസ്രയേല്‍ വ്യോമാക്രമണവും നടത്തിയിരുന്നു.

