Thursday, December 18, 2025

യെമനിലെ ഇസ്രായേൽ വ്യോമാക്രമണം: ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി കൊല്ലപ്പെട്ടതായി സ്ഥിരീകരണം ; പ്രസ്താവനയിറക്കി വിമതർ

സന :ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂതി ഭരണകൂടത്തിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി ഗ്രൂപ്പാണ് ഈ വിവരം പുറത്തുവിട്ടത്. അൽ-റഹാവിക്ക് പുറമേ മറ്റ് ഏതാനും മന്ത്രിമാരും കൊല്ലപ്പെട്ടതായാണ് ഹൂതികൾ അറിയിച്ചത്.

ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹൂതികൾ ആക്രമണവിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വർഷത്തെ ഭരണനിർവഹണം അവലോകനം ചെയ്യാനുള്ള യോഗത്തിൽ പങ്കെടുക്കവെയാണ് അൽ-റഹാവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2024 ഓഗസ്റ്റ് മുതൽ ഹൂതി ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അൽ-റഹാവി. ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. യെമനിലെ സനാ മേഖലയിലെ ഹൂതി ഭീകരരുടെ സൈനിക കേന്ദ്രം ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അറിയിച്ചു.

ഗാസയിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിന് ശക്തമായ പിന്തുണ നൽകുന്ന ഹൂതികൾ ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും അയച്ചിരുന്നു. ഈ ആക്രമണങ്ങളിൽ മിക്കതും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തുകളഞ്ഞെങ്കിലും ഹൂതികൾ ആക്രമണങ്ങൾ തുടരുകയായിരുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ സനയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 10 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നതായി ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾ ലക്ഷ്യമിട്ട് ചെങ്കടലിൽ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേൽ പലതവണ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി. ഈ വർഷം മെയ് മാസത്തിൽ നടത്തിയ ഒരു ആക്രമണത്തിൽ സനാ വിമാനത്താവളത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു.

ഹൂതികൾ ചെങ്കടലിൽ ആക്രമണം അവസാനിപ്പിച്ചാൽ വ്യോമാക്രമണങ്ങൾ നിർത്തിവെക്കാമെന്ന് മെയ് മാസത്തിൽ അമേരിക്ക ഒരു ധാരണയിലെത്തിയിരുന്നു. എന്നാൽ ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ നിർത്താൻ ഈ കരാർ ബാധകമല്ലെന്ന നിലപാടിലാണ് ഹൂതികൾ. ഈ സാഹചര്യത്തിൽ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Latest Articles