വാഷിംഗ്ടൺ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇസ്രായേലിന്റെ ഈ നടപടി നിർഭാഗ്യകരമാണെന്നും, അത് ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നുമാണ് ട്രമ്പിന്റെ പ്രതികരണം
ദോഹയിലെ ഇസ്രായേൽ ആക്രമണത്തിൽ തനിക്ക് “സന്തോഷമില്ല” എന്നും ഇത് ഒരു നല്ല സാഹചര്യമല്ലെന്നും ട്രമ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ബന്ദികളെ തിരികെ ലഭിക്കണം, പക്ഷേ ഇന്ന് സംഭവിച്ച കാര്യങ്ങളോട് ഞങ്ങൾ തീരെ യോജിക്കുന്നില്ല,”
അമേരിക്കയുമായി അടുത്ത സൗഹൃദം പുലർത്തുന്ന രാജ്യവും സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യവുമാണ് ഖത്തർ. അത്തരമൊരു രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാതെ ബോംബാക്രമണം നടത്തിയത് ഇസ്രായേലിന്റെയും അമേരിക്കയുടെയും ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുമെന്ന് ട്രൂത്ത് സോഷ്യലിൽ ട്രമ്പ് കുറിച്ചു. ആക്രമണത്തെക്കുറിച്ച് ഖത്തറിന് മുന്നറിയിപ്പ് നൽകാൻ താൻ സ്റ്റീവ് വിറ്റ്കോഫിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വൈകിപ്പോയെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ട്രമ്പിന്റെ വാദങ്ങൾ ഖത്തർ തള്ളി. ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് ലഭിച്ചുവെന്ന റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്ന് ഖത്തർ വ്യക്തമാക്കി. സ്ഫോടനശബ്ദം കേട്ടതിന് ശേഷമാണ് അമേരിക്കൻ ഉദ്യോഗസ്ഥനിൽ നിന്ന് ഫോൺകോൾ വന്നതെന്നും ഖത്തർ അറിയിച്ചു.
ഹമാസ് തീവ്രവാദ സംഘടനയുടെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ വിശദീകരണം.
ഖത്തറിന് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണം ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രതിച്ഛായയെ വളരെ മോശമായി ബാധിച്ചേക്കാമെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങളുടെ വിലയിരുത്തലുകള്‍. അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത് ഖത്തറിലാണ്. മാത്രമല്ല, വൈറ്റ് ഹൗസിന്റെ നിര്‍ദേശപ്രകാരം ഹമാസുമായി ചര്‍ച്ച നടത്തുന്നതും ഖത്തറാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ സുപ്രധാന സഖ്യകക്ഷിയായ ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് ട്രമ്പിനും ക്ഷീണമായേക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, എവിടെയാണെങ്കിലും ഹമാസ് നേതാക്കള്‍ രക്ഷപ്പെടില്ലെന്ന് ഇസ്രയേലിന്റെ യുഎസ് അംബാസഡര്‍ യെച്ചിയേല്‍ ലെയ്തര്‍ പ്രതികരിച്ചു. എവിടെ ആയാലും ഹമാസിനെ ലക്ഷ്യമിടുന്നത് ഇസ്രയേല്‍ തുടരുമെന്നും ദോഹയിലെ ആക്രമണത്തില്‍ ലക്ഷ്യംവെച്ച ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അടുത്തതവണ തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

